മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ഇത്തിരി പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നൊരു വീട്. ഒറ്റനോട്ടത്തില്‍ പ്രത്യേകതകള്‍ ഒന്നും തോന്നില്ലെങ്കിലും ആ വീടിന്റെ വിശേഷങ്ങള്‍ അറിയുന്നവര്‍ ഒന്ന് ഞെട്ടും. കാരണം റീസൈക്കിള്‍ഡ് വേസ്റ്റ് ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മ്മാണം. പിങ്കിഷ് ഷായും ശില്‍പ ഗോര്‍ ഷായുമാണ് ഈ വീടിന്റെ ഉടമകള്‍. നിര്‍മ്മാണ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും.
റീസൈക്കിള്‍ഡ് വേസ്റ്റ് ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. . 2008 ല്‍ ഈ പ്രൊജക്ട് മനസിലേക്ക് വരുമ്പോള്‍ ഒരിക്കലും ‘ഇക്കോ ഫ്രണ്ട്‌ലി’ വീട് എന്ന ആശയം അവരുടെ മനസ്സില്‍ ഇല്ലായിരുന്നു. എന്നാല്‍ ‘ഗ്രീന്‍ ഹോം ‘ എന്ന രീതിയില്‍ പണിയുന്ന പല വീടുകളും പേരുപോലെ അത്ര ‘ഗ്രീന്‍’ അല്ലെന്നു തോന്നിയപ്പോഴാണ് തങ്ങളുടെ വീടിന് ഇത്തിരി വ്യത്യസ്തത വേണമെന്ന് ഇരുവര്‍ക്കും തോന്നിയത്. ധാരാവിയിലെ തെരുവുകളിലെ പല വീടുകളിലും നിര്‍മ്മിച്ചിരിക്കുന്നത് പാഴ്വസ്തുക്കള്‍ കൊണ്ടാണ്. ഈ ആശയം തന്നെയാണ് ഇവര്‍ സ്വന്തം വീട്ടിലും പ്രാവര്‍ത്തികമാക്കിയത്.
ഒരു വര്‍ഷത്തെ പ്ലാനിംഗ് നടത്തിയ ശേഷമാണ് ഇവര്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ചത്. പഴയ ഗോഡൗണുകള്‍, കടകള്‍,പാഴ്വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ കയറി ഇറങ്ങി ആവശ്യ സാധനങ്ങള്‍ ശേഖരിച്ചു. പൊളിച്ചു നീക്കുന്ന വീടുകളുടെ വാതിലുകള്‍, ജനലുകള്‍ എന്നിവയും ഇവര്‍ തങ്ങളുടെ വീടിനു വേണ്ടി വാങ്ങി. വീടിന്റെ പ്രധാന വാതിലും ലോക്കും ഉള്‍പ്പെടെയുള്ളവയും പഴയത് തന്നെ.
എന്നാല്‍ ഈ വീടത്ര ചെറുതാണെന്ന് കരുതേണ്ട. ഏതൊരു വീടിനെയും എന്നപോലെ എല്ലാവിധ സൗകര്യങ്ങളും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. വീടിന്റെ താഴെ നിലയില്‍ മഴ വെള്ളസംഭരണി, പച്ചക്കറിത്തോട്ടം എന്നിവയുണ്ട്. വീടിന്റെ ആദ്യത്തെ നിലയില്‍ ലിവിങ് റൂം, പൂജ റൂം, കിടപ്പറ, ഡൈനിങ്ങ് ഹാള്‍, അടുക്കള എന്നിവയാണ്. ഒരു നടുമുറ്റവും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. നല്ല വെളിച്ചവും പ്രകാശവും കടക്കുന്ന തരത്തിലാണ് വീടിന്റെ രൂപകല്‍പന. വീടിന്റെ മുകള്‍ നിലയില്‍ സ്റ്റീല്‍, ഗ്ലാസ് എന്നിവയാല്‍ നിര്‍മ്മിച്ച ഒരു പവലിയന്‍ ഉണ്ട്. ഇതിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments