ചാരുംമൂട്: ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പശു ചത്തു. പശുവിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് നിഗമനം.
കെട്ടിയിരുന്ന കയര്‍ പൊട്ടിച്ച് വീട്ടുമുറ്റത്ത് നിന്നിരുന്ന പശുവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുകെട്ടിയത്. എന്നാല്‍ ഒരു മണിക്കൂറിനകം തന്നെ പശു ചാവുകയായിരുന്നു. താമരക്കുളം ചത്തിയറ പുന്നക്കുറ്റി രവിസദനത്തില്‍ രവീന്ദ്രന്‍ പിള്ളയുടെ കറവപ്പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിത്. എന്നാല്‍ പശു ചത്തതിന് ശേഷവും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. മൂന്ന് മാസം മുന്‍പ് പ്രദേശത്തുള്ള ചിലരെ പട്ടി കടിച്ചതാണ് ഇതിന് കാരണം.
തൊഴുത്തില്‍ ഒപ്പമുള്ള പശുവിനെ അക്രമിക്കാനൊരുങ്ങിയതോടെയാണ് വീട്ടുകാര്‍ ഇതിനെ വീട്ടുമുറ്റത്തേക്ക് അഴിച്ചു കെട്ടിയത്. എന്നാല്‍ പശു കയര്‍പൊട്ടിച്ച് പ്രദേശത്ത് ഓടിനടക്കുകയും നിരവധി പേരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു വഴി പോയ കാറിന് കേടുപാടുകള്‍ വരുത്തിയ പശു ജംഗ്ഷനിലുണ്ടായിരുന്ന കൊടിമരവും കുത്തിമറിച്ചിട്ടു. ഇതിനിടെ പശുവിന്റെ ഒരു കൊമ്പ് ഒടിഞ്ഞ് രക്തം വാര്‍ന്നൊഴുകി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വീട്ടുകാര്‍ക്കു പോലും പശുവിന്റെ അടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞിരുന്നില്ല.
മണിക്കൂറുകളോളം പശു പ്രദേശത്തെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇതുവഴി കാല്‍നടയായോ വാഹനത്തിലോ പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. പത്തരയോടെ നൂറനാട് പോലീസും, കായംകുളത്തു നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വടവും, കയറും ഉപയോഗിച്ച് കുരുക്കിട്ടാണ് പശുവിനെ പിടിച്ചു കെട്ടിയിട്ടത്. ചാരുംമൂട്എസ് ഐ റെജൂബ്ഖാന്‍, ഫയര്‍സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വൈ ഷെഫീക്ക് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
പശുവിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് വെറ്റിനറി സര്‍ജന്‍ ഐസക് സാം പറഞ്ഞിരുന്നു. എന്നാല്‍ പശുവിനെ പട്ടി കടിച്ചതായി വീട്ടുകാര്‍ക്ക് ഉറപ്പില്ലാത്തതിനാല്‍ പശുവിനെ നിരീക്ഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും അവശയായി കാണപ്പെട്ട പശു ഉച്ചയ്ക്ക് 12 യോടെ ചത്തു.
Post Your Comments