അഗര്‍ത്തല: 600 കോടിയുടെ അഴിമതിക്കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. വെസ്റ്റ് ത്രിപുര സെഷന്‍സ് കോടതിയാണ് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. 600 കോടിയുടെ പൊതുമരാമത്ത് അഴിമതിക്കേസിലാണ് ബാദല്‍ ചൗധരി ആരോപണം നേരിടുന്നത്. നിലവില്‍ ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബാദല്‍ ചൗധരി.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാദല്‍ ചൗധരിയുടെ അഭിഭാഷകന്‍ പി. റോയ് ബര്‍മന്‍ പറഞ്ഞു. അഴിമതിക്കേസില്‍ പിഡബ്ല്യുഡി മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ബാദല്‍ ചൗധരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ ത്രിപുരയില്‍ നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടിയുടെ അഴിമതി നടന്നെന്നും ബാദല്‍ ചൗധരിയും മുന്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.
കഴിഞ്ഞ് ആഗസ്റ്റ് 23ന് ബാദല്‍ ചൗധരിയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മന്ത്രിയായിരിക്കെ ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതാണെന്നും ചോദ്യം ചെയ്യാനല്ല വിവരങ്ങള്‍ തേടാനാണ് വിജിലന്‍സ് തന്നെ വിളിപ്പിച്ചതെന്നുമായിരുന്നു അന്ന് ചാധരി പ്രതികരിച്ചത്.
Post Your Comments