കൊച്ചി: കൂടത്തായില്‍ വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന മരണ പരമ്പരയെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം വന്‍ വിപത്തിലേയ്ക്കാണ് പോകുന്നതെന്ന് ഡിജിപി ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങള്‍ ഇതിനു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. മാധ്യമങ്ങളുടെ ഇത്തരം പ്രവണത വീണ്ടും കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോര്‍ട്ടുകളിലൂടെ മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മാധ്യമധര്‍മം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊലപാതകങ്ങളുടെ രീതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിന് അദ്ദേഹം ഉദാഹരണം പറഞ്ഞത് നേരത്തെ നടന്ന ഒരു കൊലപാതക രീതിയെ കുറിച്ചായിരുന്നു. നേരത്തേ വേമ്പനാട് കായലില്‍ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊങ്ങിയത്. മൃതദേഹം പൊങ്ങാന്‍ താമസിച്ചതിന് കാരണം കുടല്‍മാറ്റിയതിന് ശേഷമാണ് കായലില്‍ തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഇതിന് പിന്നാലെ വേമ്പനാട് കായലില്‍ പൊങ്ങിയ നാല് മൃതദേഹങ്ങളില്‍ നിന്നും കുടല്‍ മാറ്റപ്പെട്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ ഇത്തരം കേസുകളില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments