Latest NewsKeralaNews

മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടെ വാദം പൊളിയുന്നു; പ്രൈവറ്റ് സെക്രട്ടറി ആദാലത്തില്‍ പങ്കെടുത്തതിന് തെളിവ്

തിരുവനന്തപുരം: എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തതെന്ന വാദം പൊളിഞ്ഞു. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് അദാലത്ത് പുരോഗമിക്കുമ്പോഴും ഡോ. കെ ഷറഫുദീന്‍ സ്ഥലത്ത് തുടരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സര്‍വകലാശാല അധികൃതരോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ആശയവിനിമയം നടത്തുന്നതാണ് ദൃശ്യങ്ങളിലുളളത്.

അതേസമയം, ഉന്നത വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ വിജയകരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലരെയും വിറളി പിടിപ്പിക്കുന്നുണ്ടെന്നും അതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നടത്തി വരുന്ന ചിട്ടകളും വ്യവസ്ഥകളും ഇഷ്ടപ്പെടാത്തവരാണ് ദുഷ്പ്രചരണങ്ങള്‍ പറഞ്ഞു പരത്തുന്നതെന്നും ഇതേറ്റുപിടിച്ചുകൊണ്ട് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നടത്താന്‍ പാടില്ലാത്ത കുപ്രചരണങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. മാര്‍ക്ക് ദാനത്തില്‍ മന്ത്രി ഇടപെട്ടു എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം. എം.ജി സര്‍വകലാശാല നടത്തിയ അദാലത്തിന്റെ ഉദ്ഘാടനത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ആരോപണം ഉന്നയിച്ചതെങ്കിലും ഉദ്ഘാടനത്തില്‍ ആശംസാപ്രസംഗം നടത്തിയ ശേഷം പ്രൈവറ്റ് സെക്രട്ടറി തിരികെ പോയിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്.

മോഡറേഷനില്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്നത് അടിസ്ഥാന രഹിതമാണെന്നും അദാലത്തിന്റെ ഉദ്ഘാടനത്തിലല്ലാതെ അദാലത്തില്‍ തന്റെ അഭാവത്തില്‍ സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അദാലത്തില്‍ ഒപ്പുവച്ചു എന്ന് പറയപ്പെടുന്ന രേഖകള്‍ കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്നും മിനിറ്റ്സില്‍ സെക്രട്ടറിമാരുടെ പേര് വന്നു എന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button