ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ ഇന്ന് വാദം അവസാനിപ്പിക്കാനിരിക്കെ സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വാദത്തിനിടെ ഹിന്ദു മഹാസഭ നല്‍കിയ ഭൂമിയുടെ പകര്‍പ്പും പേപ്പറുകളും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ കീറിക്കളഞ്ഞു. രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്നതായിരുന്നു രേഖകള്‍. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നായിരുന്നു രാജീവ് ധവാന്‍ വാദിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം കേസില്‍ ഇന്ന് അഞ്ച് മണിക്ക് മുന്‍പ് വാദം തീരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. ഹിന്ദു പക്ഷത്തെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥനാണ് ഇന്ന് വാദം ആരംഭിച്ചത്. 45 മിനിറ്റ് സമയമാണ് വൈദ്യനാഥന് അനുവദിച്ചത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ പ്രതിദിന വാദംകേള്‍ക്കല്‍ ഇന്ന് നാല്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ്. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി നാല്‍പ്പത്തഞ്ച് മിനിറ്റ് വീതം സമയം മാത്രമെ നല്‍കുള്ളൂവെന്നും കോടതി പറഞ്ഞിരുന്നു.
അന്തിമവാദം കേള്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. നേരത്തെ കേസില്‍ സുപീംകോടതി ബെഞ്ചിന്റെ വിസ്താരത്തില്‍ മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അതൃപ്തി അറിയിച്ചിരുന്നു. ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എതിര്‍കക്ഷികളോട് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നുമായിരുന്നു രാജീവ് ധവാന്റെ ചോദ്യം.
ഒക്ടോബര്‍ പതിനേഴിന് വാദം അവസാനിപ്പിക്കാന്‍ ആയിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്.
Post Your Comments