ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥി ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയെപ്പോലെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണെന്ന് ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഡെ. ജാമിയയില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച അവനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും രാജ്യവിരുദ്ധരെ നിശബ്ദമാക്കാനാണ് അവന്‍ ശ്രമിച്ചതെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു.
സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിയെ ആദരിക്കാനൊരുങ്ങുകയാണ് ഹിന്ദു മഹാസഭ. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിക്ക് നിയമ സഹായം നല്‍കുമെന്നും അവനെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കുമെന്നും ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള അലിഗഢ് യൂണിവേഴ്‌സിറ്റിയിലെയും ജെഎന്‍യുവിലെയും രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കുനേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17കാരന്‍ വെടിയുതിര്‍ത്തത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് രാവിലെ പുറപ്പെട്ട വിദ്യാര്‍ത്ഥിയാണ് സര്‍വകലാശാലയില്‍ തോക്കുമായെത്തി പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
Post Your Comments