തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഫിറോസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പാവപ്പെട്ട ഒരാളുടെ ദയനീയത കാണിച്ച് കിട്ടുന്ന പണം മറ്റുള്ളവര്‍ക്ക് നല്കുന്ന രീതി എന്താണെന്ന് മനസിലാകുന്നില്ല. ഈ നന്മമരം ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി സഹായം സാമൂഹ്യ സുരക്ഷാ മിഷനും സര്‍ക്കാര്‍ സംവിധാനങ്ങളും ചെയ്യുന്നുണ്ടെന്നും വീഡിയോയില്‍ പറഞ്ഞു.
മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കില്‍ അത് അദ്ദേഹം തുറന്നുപറയണമെന്നും നന്മമരത്തിന്റേത് ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് എന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടതെന്നും ഇതില്‍ 25 ലക്ഷം രൂപ അവര്‍ സമാഹരിച്ചെന്നും മന്ത്രിയോട് പറഞ്ഞു.
എന്നാല്‍ ആ പണം ഉടന്‍ തന്നെ ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അവരോട് അറിയിച്ചു. എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ല എന്ന മറുപടിയാണ് മന്ത്രിക്ക് ലഭിച്ചത്. പിരിച്ചതുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ മാത്രമാണ് കുട്ടിക്ക് നല്‍കുകയെന്നും ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ് എന്നാണ് ഡോ. മുഹമ്മദ് അഷീല്‍ വീഡിയോയില്‍ പറഞ്ഞത്.
അവര്‍ ഈ കുട്ടിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുടെ ചെലവ് മുപ്പത് ലക്ഷം എന്നാണ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ ഇതിന് 18 ലക്ഷം രൂപയേ ഉള്ളൂവെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോ കാണാം:
Post Your Comments