News

ബ്രിട്ടനിലെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറൊയും

കൊച്ചി•ലുലു ഗ്രൂപ്പ് കമ്പനിയായ ട്വന്റി14 ഹോള്‍ഡിങ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്‌ലാന്‍ഡിലെ പൈതൃക ഹോട്ടല്‍ ‘വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറോ- ദി കാലിഡോനിയന്‍’ ബ്രിട്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി. ഈ വര്‍ഷത്തെ സിഎന്‍ ട്രാവലര്‍ റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സ് പട്ടികയിലാണ് ട്വന്റി14 ഹോള്‍ഡിങ്‌സിന്റെ ഹോട്ടല്‍ ബ്രിട്ടനില്‍ മുന്നിലെത്തിയത്. ട്രാവല്‍ വ്യവസായ രംഗത്തെ മികവിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരങ്ങളിലൊന്നാണിത്. ആറു ലക്ഷം വായനക്കാരുടെ യാത്രാ, താമസ അനുഭവങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷം അവാര്‍ഡിനര്‍ഹമായ ഹോട്ടലുകളെ തിരഞ്ഞെടുത്തത്. വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറോയുടെ സവിശേഷതകളായ പൈതൃകം, മികവുറ്റ സേവനം, തനതായ ഫൂഡ് ആന്റ് ബെവറെജസ് ആശയങ്ങള്‍ എന്നിവയ്ക്കാണ് വായനക്കാര്‍ കൂടുതല്‍ വോട്ടു നല്‍കിയത്. ഇതൊരു ചരിത്ര പ്രാധാന്യമുള്ള ഹോട്ടല്‍ കൂടിയാണ്.

‘വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറോയ്ക്ക് ഒരു ആഗോള അംഗീകാരം ലഭിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഈ മികവ് ഞങ്ങള്‍ നിലനിര്‍ത്തും. സേവനങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനും അതിഥികള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാനും ഈ അംഗീകാരം ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു,’ ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു.

1903ല്‍ ആരംഭിച്ച ഈ ഹോട്ടല്‍ 2018ലാണ് ട്വന്റി14 ഹോള്‍ഡിങ്‌സ് സ്വന്തമാക്കിയത്. 241 മുറികളുള്ള ഹോട്ടലില്‍ രണ്ടു റസ്ട്രന്റുകളും ഉണ്ട്. ബ്രിട്ടനിലെ ഏക ഗെര്‍ലെ സ്പായും ഇവിടെയാണ്. ബ്രിട്ടനു പുറമെ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലായി ഹോസ്പിറ്റാലിറ്റി രംഗത്ത് ട്വന്റി14 ഹോള്‍ഡിങ്‌സിന് 75 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ബ്രിട്ടനിലെ മറ്റൊരു ലോകപ്രശസ്ത പൈതൃക കെട്ടിടമായ ഗ്രെയ്റ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലും ട്വന്റി14 ഹോള്‍ഡിങ്‌സിന്റേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button