നരേന്ദ്ര മോദിയെ ഇനിയും രാജ്യം തിരിച്ചറിയുന്നെയുള്ളു …. ….. ആ ഹൃദയത്തിലെ ചിന്തകൾ ഇനിയുംപലരും മനസിലാക്കുന്നില്ലേ ……. രാജ്യമാണ് പ്രധാനം, അതിനപ്പുറമെ എന്തുമുള്ളു എന്ന ചിന്ത എല്ലാവരിലേക്കും പകർന്നു നല്കാൻ മോഡി ശ്രമിക്കുന്നതിനെ സംശയത്തോടെയും കളി തമാശകളോടെയുമൊക്കെ കാണുന്നവരുണ്ട് എന്നത് മറക്കരുതല്ലോ. ഇപ്പോൾ ഇത് തോന്നിപ്പിച്ചത് മഹാബലിപുരത്തെ ഓർമ്മകളാണ്. ആ കടലോരത്ത് രാവിലെ നടക്കാനിറങ്ങിയ മോഡി അവിടെക്കണ്ട ചപ്പ് ചവറുകൾ പിറക്കി മാറ്റിയത് ആർക്കും ഒരു അനുഭവമായിരുന്നുവല്ലോ. ഇതാദ്യമായിട്ടല്ല. അമേരിക്കയിൽ ഹൂസ്റ്റണിൽ ഹൌഡി മോഡി പരിപാടിക്കെത്തിയപ്പോൾ തനിക്ക് സമ്മാനിച്ച ഒരു പൂച്ചെണ്ടിലെ പൂവ് നിലത്തുവീണപ്പോൾ കുനിഞ്ഞു അതെടുത്തു സുരക്ഷാ ഉദ്യോഗസ്ഥർക്ക് നീട്ടിയതും നാം കണ്ടു. അതൊരു ശീലമാണ്…… സാധാരണക്കാരനായി ജനിച്ച് സർവ സാധാരണക്കാരനായി ജീവിച്ചുപോന്ന ഒരാളുടെ ജീവിതശൈലി. അതൊക്കെ സ്വാഭാവികമായുണ്ടാവുന്ന പ്രതികരണങ്ങളാണ് താനും. ഇത് ഇന്ത്യക്ക് ഇന്ത്യക്കാർക്ക് നൽകിയ ഒരു സന്ദേശമുണ്ടല്ലോ, അതാണ് ഏറെ പ്രധാനം.
ഇതൊക്കെ പറയുമ്പോഴാണ് മറ്റൊന്ന് മനസിലേക്ക് ഓടിയെത്തുന്നത്. ചന്ദ്രയാൻ രണ്ട് വിക്ഷേപണമാണ് അത്. ……. അവസാന നിമിഷം നമ്മുടെ ചില കണക്കുകൂട്ടലുകൾ തെറ്റി; ലോകം മുഴുവൻ ഒരർഥത്തിൽ ആ നിമിഷങ്ങളിൽ ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു….. ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ അവർ കണ്ണും കാതുമോർത്തിരുന്നു. ചന്ദ്രനിൽ നിന്ന് വെറും രണ്ടര കിലോമീറ്റർ ദൂരെവരെ ചന്ദ്രയാൻ വിചാരിച്ചത് പോലെ നീങ്ങി. ലാൻഡിംഗ് വേളയിലാണ് ചെറിയ പ്രശ്നങ്ങൾ ഉണ്ടായത്; അപ്പോഴും അത് ശരിയാവുമെന്ന് എല്ലാവരും കരുതി; ശാസ്ത്രജ്ഞന്മാർ കയ്യിലുള്ള വിജ്ഞാനമൊക്കെ പരീക്ഷിച്ചു….. ആ സ്വപ്നം അവർക്ക് പക്ഷെ അന്യമായി. ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്നിരുന്ന ഇന്ത്യക്കാരൊക്കെ വിഷമത്തോടെയാണ് ആ രാത്രി അവസാനിപ്പിച്ചത്. ശാസ്ത്രജ്ഞന്മാർക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത് ……. ഈ മുഹൂർത്തത്തിലും അവർക്കൊപ്പമുണ്ടായിരുന്നത് നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയാണ്. ആ മഹദ് സാന്നിധ്യം ഒരു സംശയവുമില്ല, ഇന്ത്യൻ ശാസ്ത്രലോകത്തിന് കരുത്ത് പകർന്നു.
ദീർഘമായ ഒരു വിദേശ പര്യടനത്തിന് ശേഷമാണ് മോഡി ബാംഗ്ലൂരിലേക്ക് എത്തിയത്. ആ നിമിഷത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ചന്ദ്രയാൻ -രണ്ട് വിജയകരമാവുമെന്നോ ഇല്ലെന്നോ പറയാനാവാത്ത അവസ്ഥയായിരുന്നു. അതാണ് ചന്ദ്രനിലേക്കുള്ള ഒട്ടെല്ലാ പരീക്ഷണങ്ങളുടെയും അവസ്ഥ എന്നത് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നുവല്ലോ. വിജയത്തിൽ ശാസ്ത്രജ്ഞർക്കൊപ്പം പങ്കുചേരാം എന്ന് മാത്രമല്ല മോഡി കരുതിയത്……. എന്തെങ്കിലും പരാജയം സംഭവിച്ചാൽ അവർക്ക് താങ്ങും തണലുമായി ഉണ്ടാവണം എന്നും അദ്ദേഹം കരുതി എന്ന് തീർച്ച. വിജയാഘോഷത്തിനാണ് എങ്കിൽ അവിടെ ചെല്ലണമെന്നില്ല……. ഡൽഹിയിലിരുന്നുകൊണ്ടും അദ്ദേഹത്തിന് അത് സാധ്യമായിരുന്നു. പകരം ആ വിലപ്പെട്ട സമയത്ത് ശാസ്ത്രജ്ഞർക്കൊപ്പമുണ്ടാവുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി.
ആ തീരുമാനം എത്ര പ്രധാനപ്പെട്ടതായി എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ കെട്ടിപ്പിടിച്ച മുഹൂർത്തം കണ്ടവർക്കൊക്കെ ബോധ്യമായിട്ടുണ്ടാവും.തലേന്ന് രാത്രി മടങ്ങിയ പ്രധാനമന്ത്രി പിറ്റേന്ന് രാവിലെ ഐഎസ്ആർഒ-യിലേക്ക് തിരിച്ചെത്തുകയായിരുന്നു. ചന്ദ്രയാൻ പരീക്ഷണം വിജയിച്ചില്ലെന്ന് മനസിലാക്കിയ മോഡിക്ക് വേണമെങ്കിൽ അന്ന് രാത്രി ഡൽഹിക്ക് മടങ്ങാമായിരുന്നു. അതിനല്ല അദ്ദേഹം തീരുമാനിച്ചത്; പിറ്റേന്ന് രാവിലെ വീണ്ടും ഐഎസ്ആർഒ-യിലെത്തി……… ചന്ദ്രയാനുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെ ഒന്നിച്ചിരുത്തി…… നിങ്ങൾ രാജ്യത്തിന്റ അഭിമാനമാണ്; നിങ്ങൾക്കൊപ്പമാണ് രാജ്യവും സർക്കാരും. എന്നാൽ അതിനൊക്കെ അപ്പുറമായിരുന്നു ആ ഒരു കെട്ടിപിടിക്കൽ. അത് രാജ്യം കണ്ടു, ലോകം കണ്ടു……..എന്തൊരു ആശ്വാസമാണ് അത് ആ ശാസ്ത്രലോകത്തിന് പ്രദാനം ചെയ്തത്…… കണ്ണീരുമായി നിൽക്കുകയായിരുന്നു അവരൊക്കെ. എല്ലാവരെയും ആശ്വസിപ്പിക്കേണ്ട കെ ശിവൻ പക്ഷെ പൊട്ടിക്കരയുകയായിരുന്നു. അവിടെയാണ് നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായത്. ആ ഒരു ‘ഹഗ് ‘….. …അത് എല്ലാ ദുഃഖവും അലിയിച്ചു കളഞ്ഞു. മാത്രമല്ല നാളെമുതൽ നിങ്ങൾ വീണ്ടും അടുത്ത പദ്ധതിയെക്കുറിച്ചു ചിന്തിച്ചോളൂ എന്നും പ്രധാനമന്ത്രി പറയുമ്പോൾ അവർക്കുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവുമോ?. അവരുടെ ആത്മവിശ്വാസം വാനോളമുയർന്നത് കാണാതെ പോകാനാവുമോ?. ഇനി ഒന്നാലോചിച്ചു നോക്കൂ, ആ സമയത്ത് നരേന്ദ്ര മോഡി അവിടെ ഉണ്ടായിരുന്നില്ലെങ്കിലോ?
ഇനി എന്താണ് നരേന്ദ്ര മോഡി അവിടെ പറഞ്ഞത് എന്നത് കൂടി ശ്രദ്ധിക്കുക. ” നമ്മുടെ ബഹിരാകാശ പദ്ധതികളിൽ രാജ്യം അഭിമാനം കൊള്ളുന്നു…… ചന്ദ്രനെ തൊടാനുള്ള നമ്മുടെ പദ്ധതി കൂടുതൽ ശക്തിനേടിയ ദിവസമാണിത്. നമ്മൾ ഇന്നിപ്പോൾ ഏറെ മുന്നോട്ട് പോയി; എന്നാൽ ലക്ഷ്യത്തിലെത്താൻ ഇനിയും കുറച്ചുദൂരം കൂടി താണ്ടേണ്ടതുണ്ട്. നമ്മുടെ ബഹികരാകാശ പദ്ധതികളിൽ ഏറ്റവും മികച്ചത് ഇനിയും കാണാനിരിക്കുന്നതെയുള്ളൂ എന്നത് നമ്മൾക്കൊക്കെ അറിയാം. ഇനിയും പലതും കണ്ടെത്താനുണ്ട്,നമുക്ക് എത്തിപ്പെടാനുണ്ട്…….. ”
” സുഹൃത്തുക്കളെ, ഏതാനും നാഴിക മുൻപ് വരെ നാം എങ്ങിനെയാണ് മുന്നോട്ട് നീങ്ങിയത് എന്നത് എനിക്ക് മനസിലാക്കാനാവും. ഓരോ കണ്ണുകളും അനവധി കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു; ഇന്ത്യയുടെ അഭിമാനത്തിന് വേണ്ടിയാണ് നിങ്ങൾ ഓരോരുത്തരും നിലകൊള്ളുന്നത്; ജാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു ….”, മോഡി തുടർന്നു.
“ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടരുത്; ജീവിതത്തിൽ എപ്പോഴും ഉയർച്ചയും വീഴ്ചയുമുണ്ടാവും. നിങ്ങൾ ചെയ്തത് ചെറിയ കാര്യമല്ല; രാജ്യത്തിന് വേണ്ടി, ശാസ്ത്രത്തിന് വേണ്ടി, മനുഷ്യവംശത്തിനായി, പ്രധാനപ്പെട്ട കൃത്യമാണ് നിങ്ങൾ ഓരോരുത്തരും നിർവഹിച്ചത്. നിങ്ങൾക്ക് ഞാൻ ഭാവുകങ്ങൾ നേരുന്നു…..” എന്നുകൂടി പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
യഥാർഥത്തിൽ ആ വാക്കുകൾ, അതിലേറെ, കണ്ണീരൊഴുക്കിയിരുന്ന ഐഎസ്ആർഒ ചെയർമാനെ കെട്ടിപ്പിടിച്ചുകൊണ്ട് പകർന്ന ആത്മവിശ്വാസം. അത് ഒരു സാധാരണക്കാരന് കഴിയുന്നതാണ് എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും നിരാശയിലമർന്നു നിൽക്കുമ്പോൾ അതിൽ പങ്കാളിയാവുകയല്ല മറിച്ച് അവിടെനിന്ന് കരുത്ത് പകരുകയാണ് മോഡി ചെയ്തത്. ഒരു ഭരണകര്താവിന്റെ മികവാണ് സംശയമില്ല. ആ ഒരു നിമിഷം കൊണ്ട് ഐഎസ്ആർഒയിലെ ആ ശാസ്ത്രജ്ഞർക്ക് ലഭിച്ച ഊർജ്ജം ഒന്നാലോചിച്ചു നോക്കൂ. എല്ലാവര്ക്കും അത് സാധ്യമാവണമെന്നില്ല എന്നതും അടിവരയിട്ട് പറയേണ്ടതുണ്ട്. അതാണ് നരേന്ദ്ര മോഡി.
നരേന്ദ്ര മോഡി വെറുമൊരു രാഷ്ട്രീയക്കാരനല്ല; വെറുമൊരു ഭരണകർത്താവുമല്ല. അതിനൊക്കെയുപരി അദ്ദേഹം ഒരു നല്ല സന്യാസിയാണ്; ഒരു ആർഎസ്എസ് പ്രചാരകനാണ്. ആ സംഘ കുടുംബത്തിൽ നിന്ന് നേടിയ കരുത്താണിത് എന്ന് കരുതാനാണ് എനിക്കിഷ്ടം. സംഘ പ്രചാരകൻ എന്ന നിലക്കുള്ള ജീവിതത്തിൽ ആ നിലക്കുള്ള അനവധി അനുഭവങ്ങൾ അദ്ദേഹത്തിന് തന്നെ സ്വന്തമായി ഉണ്ടായിട്ടുണ്ടാവണം. എത്രയോ കാലത്തേ തപസാണ് അത്. ഏതെല്ലാം വിധത്തിൽ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്; ഏതൊക്കെ മേഖലകളിൽ ……… അവിടെനിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ചെറിയ കാര്യമല്ല. സംഘ പ്രസ്ഥാനത്തിൽ നാം കണ്ടുവരുന്നത് അനിതരസാധാരണമായ ഒരു ആത്മബന്ധമാണല്ലോ. ഒരാൾക്ക് ഒരു സന്തോഷമുണ്ടാവുമ്പോൾ അതിനൊപ്പം അണിനിരക്കുക മാത്രമല്ല ചെറിയ വീഴ്ചയുണ്ടാവുമ്പോൾ പോലും അയാൾക്ക് ഒരു കൈ താങ്ങായി നിൽക്കാൻ എല്ലാവരുമെത്തുന്നത് സാധാരണയാണ്. അതാണ് യഥാർഥത്തിൽ സംഘ മനസ്സ്. അത് പൊതുജീവിതത്തിൽ , ഭരണതലത്തിൽ ഒക്കെ പ്രയോഗിക്കാൻ കഴിയുന്നു എന്നതാണ് നരേന്ദ്ര മോദിയുടെ വിജയം. ആ ഒരു ‘സംഘ ടച്ച്’ സർക്കാരിന്റെ പദ്ധതി രൂപീകരണത്തിൽ മാത്രമല്ല അവയുടെ നടത്തിപ്പിലും ദർശിക്കുന്നുണ്ട്.
ഇനി ഒന്ന് ആഗോള രംഗത്തേക്ക് തിരിഞ്ഞുനോക്കൂ…… ഗുജറാത്തിൽ നിന്ന് ആരോരുമറിയാതെ കയറിവന്ന ഈ പൊതുപ്രവർത്തകൻ ഇന്ന് അമേരിക്കൻ പ്രസിഡന്റിനും ഫ്രഞ്ച് പ്രസിഡന്റിനും മറ്റ് ലോക രാഷ്ട്രത്തലവന്മാർക്കുമൊക്കെ അടുത്ത സുഹൃത്തായി പെട്ടെന്ന് മാറിയത് എന്തുകൊണ്ടാണ്?. എന്തുകൊണ്ടാണ് വിശ്വസ്തനാണ് എന്ന് അവർക്കൊക്കെ തോന്നിപ്പിക്കുന്നത്?. ഒരാളെ കണ്ടാൽ പെട്ടെന്ന് വിശ്വാസത്തിലെടുക്കുക എന്നത് ഒരു കലയാണ് എന്ന് പറയാറുണ്ട്. അത് ഏറ്റവും നന്നായി പ്രയോജനപ്പടുത്താൻ കഴിയുന്നവരാണ് സാധാരണ പൊതുരംഗത്ത് ശോഭിക്കുക……. പ്രത്യേകിച്ചും അടിത്തട്ടിലുള്ളവരുമായി അടുത്തിടപഴകേണ്ടിവരുന്നവർക്ക്. അത് സംഘ പ്രവർത്തനത്തിൽ എത്രയോ നാം കണ്ടിട്ടുണ്ട്. അങ്ങിനെ പെരുമാറാൻ, സർവരെയും വേഗത്തിൽ വിശ്വാസത്തിലെടുക്കാൻ കഴിയുന്നവർ നൂറിൽ മൂന്നോ നാലോ ഒക്കെയേ ഉണ്ടാവൂ. അവർ തങ്ങളുടെ സംഘടനകളിൽ, സമൂഹത്തിൽ, വളരെ വേഗം വളർന്നിട്ടുമുണ്ട്………
ഐഎസ്ആർഒ-യിൽ മാത്രമല്ല ഈ ഒരു ‘മോഡി ടച്ച്’ നാം കണ്ടിട്ടുള്ളത്. കടുത്ത പ്രതിസന്ധികളിൽ പെട്ടെന്ന് തീരുമാനമെടുക്കാനും മുന്നോട്ട് പോകാനും ആ അനുഭവങ്ങൾ മോദിക്ക് തുണയാകൂന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ കാലഘട്ടം മറന്നുകൂടല്ലോ. എത്രയോ പരീക്ഷണങ്ങളെ അക്കാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്; രാഷ്ട്രീയമായി മോദിയെ ഇല്ലായ്മ ചെയ്യാൻ ആരൊക്കെ എന്തൊക്കെ ചെയ്തുകൂട്ടി. എന്നാൽ അവസാനം വിജയം ധർമ്മത്തിനൊപ്പമായിരുന്നു; സത്യത്തിനൊപ്പമായിരുന്നു. തെറ്റല്ല ചെയ്യുന്നത് എന്നത് ഉറപ്പാക്കിയാൽ മതി, ബാക്കിയൊക്കെ ശരിയാവും എന്നതാണ് നരേന്ദ്ര മോദിയുടെ മന്ത്രം. മറ്റൊന്ന് സംഘ സംസ്കാരത്തിൽ നാം കേട്ടിട്ടുണ്ട്, അവിടെനിന്ന് നാം പഠിച്ചിട്ടുണ്ട് …….. ചെയ്യുന്നത് ഒന്നും തനിക്കുവേണ്ടിയാവരുത് എന്ന്. സ്വന്തം താല്പര്യം തീരുമാനങ്ങളിൽ നിഴലിക്കരുത് എന്ന്. ലോകനന്മ ലക്ഷ്യമാക്കി എന്തും ചെയ്തോളു, അതിൽ പിഴവുണ്ടാവില്ല. ഇനി എന്തെങ്കിലും ചില്ലറ പോരായ്മാ ഉണ്ടായാൽ തന്നെ അതൊക്കെ മറക്കാവുന്നതേയുള്ളു. എന്നാൽ അതിനിടയിൽ സ്വന്തം താല്പര്യം കടന്നുവന്നാലോ ……. അങ്ങിനെവരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. മോദിക്ക് ഒരിക്കലും അങ്ങിനെ ഒരു സ്വന്തം ചിന്ത ഉണ്ടാവേണ്ട കാര്യമില്ലായിരുന്നു. അദ്ദേഹം ആർഎസ്എസ് പ്രചാരനാകാനാണ്; സംഘ മന്ത്രമേ മനസ്സിലുള്ളു, രാജ്യം, പിന്നെ, സംഘടന; ഇത് മാത്രമേ എന്ന് അദ്ദേഹത്തിന് മുന്നിലുണ്ടായിട്ടുള്ളു. പിന്നെയെന്തിന് സംശയം.
എനിക്ക് തോന്നുന്നു, പ്രധാനമന്ത്രി എന്ന നിലക്ക് മോഡി നേരിട്ട ഏറ്റവും വലിയ പ്രശ്നം ആയുധ ഇടപാടുകളാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ആയുധങ്ങൾ വാങ്ങിയതേയില്ല……. എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ അനവധി തട്ടിപ്പുകൾ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട കേട്ടിരുന്നുവല്ലോ. എന്നാൽ ഒന്നും പ്രതിരോധ രംഗത്തിന് വേണ്ടി ചെയ്തതുമില്ല. അതുകൊണ്ട് രാജ്യ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന മോദിക്ക് കുറെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റഫാൽ യുദ്ധവിമാന ഇടപാട്. സർക്കാരുകൾ തമ്മിലെ ഇടപാടാണിത്. ഇടനിലക്കാരില്ല . മോഡി തന്നെ ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചു……… അതിൽ നയാപൈസയുടെ അഴിമതിക്ക് സാധ്യതയില്ല എന്ന് അദ്ദേഹം ഉറപ്പുവരുത്തി എന്നർത്ഥം. എന്നാൽ നേരത്തെ യുപിഎ കാലഘട്ടത്തിൽ അതിൽ പലതും പ്രതീക്ഷിച്ചിരുന്നവരുണ്ട്; അവർ പലതും സംസാരിച്ചുവെച്ചിരുന്നതുമാണ്. ആ തട്ടിപ്പുകൾ ഒഴിവാക്കിയാണ് നേരിട്ട് ഫ്രഞ്ച് സർക്കാരുമായി ഇടപാടുണ്ടാക്കിയത്. മോദിയെ പ്രതിക്കൂട്ടിൽ കയറ്റാൻ നടന്നിട്ടും ഒന്നും കിട്ടാതിരുന്ന കോൺഗ്രസുകാർ അവസാനം റഫാൽ ഉയർത്തിക്കാട്ടി. എന്തൊക്കെയാണ് മോഡിക്കെതിരെ ഉന്നയിച്ചത്; എന്തൊക്കെ വിളിച്ചുകൂവി. എന്നാൽ മോഡി അതിനെ എങ്ങിനെയാണ് എടുത്തത് എന്നത് രാജ്യം കണ്ടുവല്ലോ. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളപ്പോൾ, എന്തൊക്കെ ആരോപണങ്ങൾ ഉയരുമ്പോഴും വിഷമിക്കേണ്ടതില്ല; എന്തിനാണ് വിഷമിക്കുന്നത് എന്നതാണ് ചോദ്യം. മോദിയുടെ മനസ്സിൽ ഒരു അലട്ടലുമില്ല, കാരണം നേരത്തെ പറഞ്ഞത് തന്നെ, ചെയ്യുന്നത് എന്തും രാജ്യതാല്പര്യം നോക്കി മാത്രമാണ്; അതിൽ സ്വന്തം താല്പര്യം കടന്നുവരുന്നേയില്ല………. ഇങ്ങനെയൊരാളെ ഇന്ത്യക്ക് സംഭാവന ചെയ്തു എന്നതാണ് സംഘ പ്രസ്ഥാനത്തിന്റെ മഹത്വം; അങ്ങനെയൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയി എന്നതാണ് രാജ്യത്തിൻറെ പുണ്യം.
Post Your Comments