KeralaLatest NewsNews

ആദര്‍ശിന്റെ മരണം കൊലപാതകം തന്നെ : കുളത്തിനു സമീപത്തെ പൂട്ടികിടന്ന വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആരോപണം

ഭരതന്നൂര്‍ : ആദര്‍ശിന്റെ മരണം കൊലപാതകം തന്നെ. കുളത്തിനു സമീപത്തെ പൂട്ടികിടന്ന വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് ആരോപണം. കൊലപാതകമാണെന്ന ശക്തമായ തെളിവ് ഉണ്ടായിരുന്നിട്ടും ആദര്‍ശ് വിജയിന്റെ ദുരൂഹ മരണം തെളിയാതെ പോയത് ലോക്കല്‍ പൊലീസ് അന്വേഷണത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. 2009 ഏപ്രില്‍ അഞ്ചിനു രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിലാണ് ഏഴാം ക്ലാസുകാരനായിരുന്ന ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് വീടിനെ സമീപത്തെ കടയില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ ആദര്‍ശ് പിന്നെ തിരിച്ചുവന്നില്ല

മരണവുമായി ബന്ധപ്പെട്ടു സംഭവ ദിവസം തന്നെ പൊലീസിനോട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആള്‍ സാന്നിധ്യവും രാമരശ്ശേരി കലുങ്കില്‍ സ്ഥിരം ഇരിക്കുന്നവരെയും സംശയപട്ടികയില്‍പ്പെടുത്തി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പാങ്ങോട് പൊലീസ് അന്നു കുട്ടിയുടെ മരണം മുങ്ങിമരണമായി എഴുതി കേസവസാനിപ്പിക്കാനാണു ശ്രമിച്ചത്. പോസ്റ്റുമോര്‍ട്ടം ദിവസം തന്നെ ഡോക്ടര്‍ കുട്ടിയുടെ ശ്വാസകോശത്തിലോ ഉള്ളിലോ വെള്ളം കയറിയിട്ടില്ലെന്നു സൂചിപ്പിച്ചിരുന്നു. കൂടാതെ മഴയുണ്ടായിരുന്നിട്ടും കുളത്തിനു കരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ല. ആരോ കുട്ടിയെ അപകടപ്പെടുത്തിയ ശേഷം കുളത്തില്‍ കൊണ്ടിട്ടതാകാന്‍ സാധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നു.

കുളം വറ്റിച്ചപ്പോള്‍ മണ്‍വെട്ടിയുടെ കൈ ലഭിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനയുണ്ടാകുകയും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ പീഡനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചകളുണ്ടായെന്നും ഉന്നത ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നത്. ഇതിനിടയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button