KeralaLatest NewsNews

27 വര്‍ഷം കൊണ്ട് നടന്ന കാലുപോയി, കരളു പങ്കിട്ടു സ്‌നേഹിച്ച പെണ്ണും പോയി- ഹൃദയഭേദകമായ കുറിപ്പ്

കാന്‍സര്‍ എത്രയോ പേരുടെ ജീവിതം കാര്‍ന്നു തിന്നിട്ടുണ്ട്. എന്നാല്‍ ഒരു പുഞ്ചിരിയോടെ അതു നേരിട്ട് ജീവിതം തിരിച്ചു പിടിച്ച നിരവധിപേരുമുണ്ട്. രോഗം വന്നവരുടെ കൂടെ നിന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് വേണ്ടത്. പകരം ഈ രോഗത്തിന് മുന്‍പില്‍ അവര് തനിച്ചാക്കി നടക്കുകയല്ല. ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയതെല്ലാം രോഗത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു യുവാവിന്റെ കുറിപ്പ് വായിക്കേണ്ടതാണ്. പ്രഭു എന്നയാളാണ് തന്റെ ജീവിതത്തിലുണ്ടായ വിഷമഘട്ടത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്യാൻസർ വന്നത് കാരണം 27 വർഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി..!!
കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി !!

പിന്നെയും ഒരുപാടൊരുപാട് പോയി..!!

ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി..!!
കുടുംബത്തിന്റെ വരുമാനം പോയി !!
അതുവരെയുള്ള സമ്പാദ്യം പോയി !!
ഞാനെന്ന ശരീരത്തിൽ നിന്ന് ജീവൻ പോലും പുറത്തു പോകാൻ വെമ്പൽ കൊണ്ടു..!!
പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാൻ പിടിച്ചു നിന്നു..
ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി…
പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു..!!
രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു..
നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടർ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങൾക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ഭർത്താവിന്റെ സന്തോഷമായിരുന്നു..
കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തിൽ ആശ്വാസം കണ്ടെത്തുമ്പോഴും അവൾക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു..
എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത്‌ അവൾക്ക് വേണ്ട നാപ്കിൻ വാങ്ങാൻ പോലും അവളുടെ വീട്ടുകാരെ ഞാൻ സമ്മതിച്ചിരുന്നില്ല..!!

പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകൾ ഒരു വെള്ളിടി പോലെ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു…!!

ഈ ഒരു കാലിൽ നിങ്ങൾ എന്തു ചെയ്യാനാണ്..!!
സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ സംരക്ഷിക്കാൻ കഴിയും..?
ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാൻ കല്യാണം കഴിച്ചാൽ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും..!!
ഞാൻ കുറച്ചു പ്രാക്ടിക്കൽ ആകുകയാണ്..
എന്നു പറഞ്ഞിട്ട് ഞാൻ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി !!
ഞാൻ ആ ഹതഭാഗ്യന് വേണ്ടി പ്രാർത്ഥിക്കുന്നു..
അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവൾ നിന്നെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു..
പ്രാക്ടിക്കൽ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നിങ്ങളുടെ രണ്ടാളുടെയും ലൈഫിൽ ഉണ്ടാകരുതെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..!!

നിന്റെ വാക്കുകൾ എനിക്കൊരു ഊർജ്ജമാണ് തന്നത് മോളേ..
നല്ല നട്ടെല്ലുള്ള ആൺപിള്ളേർക്ക് ഒരു കാൽ തന്നെ ധാരാളമാണ് മുത്തേ..
രണ്ടു കാലിൽ നിന്നതിനെക്കാൾ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാൻ…
ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ..!!

എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഞാനങ്ങു തകർന്നു പോകുമെന്ന് നീ കരുതിയല്ലേ..
ഞാൻ അധികനാൾ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ..!!

ജീവനെടുക്കാൻ വന്ന ക്യാൻസറിനെ തോൽപ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാർത്തെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിനക്ക് എന്നെ തകർക്കാൻ പോയിട്ട് ഒന്നു തളർത്താൻ പോലും ആകില്ല..
നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ..

എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല !!

നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും..
അവളുടെ കാലിൽ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല..
എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും..

NB : ഒരു പക്ഷെ പ്രണയത്തേക്കാൾ ആത്മാർത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു..
ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നിൽക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ് !!
ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാൻ നമ്മുടെ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എന്ത് ക്യാൻസർ..
എന്തിന് കാല്…!!

https://www.facebook.com/prabhuraji07/posts/1398966693609837

shortlink

Related Articles

Post Your Comments

Related Articles


Back to top button