ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം മേഖല ലക്ഷങ്ങളുടെ കടക്കെണിയില്‍. എയര്‍ടെല്‍ അധികൃതര്‍ കേന്ദ്രസര്‍ക്കാറുമായി കൂടിക്കാഴ്ച നടത്തി. ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍ രാകേഷ് ഭാരതി മിത്തല്‍ ആവശ്യപ്പെട്ടു . ഒരു ലക്ഷം കോടി രൂപയുടെ കടം തീര്‍പ്പാക്കുന്നതിനും ഉയര്‍ന്ന സ്‌പെക്ട്രം വിലകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണിലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ കടം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.
രാജ്യത്തെ ടെലികോം വ്യവസായത്തിന്റെ നിലവിലെ സ്ഥിതിയും അദ്ദേഹം വിവരിച്ചു. ഈ മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു ഉപയോക്താവില്‍ നിന്നുളള (അര്‍പു) ശരാശരി വരുമാനം 1 മുതല്‍ 1.5 ഡോളര്‍ വരെയാണെന്നും യുഎസില്‍ ഇത് 36 ഡോളറാണെന്നും മിത്തല്‍ എടുത്തുകാട്ടി.
ടെലികോം റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ച 5ജി എയര്‍വേവുകളുടെ കരുതല്‍ വില രാജ്യാന്തര തലത്തിലെ വിലയേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണെന്നും മിത്തല്‍ പറഞ്ഞു. അടുത്ത തലമുറയിലെ സാങ്കേതികവിദ്യയില്‍ കുതിച്ചുചാട്ടം നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കില്‍ 5ജി വിന്യസിക്കുന്നതിലെ മറ്റ് വെല്ലുവിളികള്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ടെന്നും മിത്തല്‍ ഓര്‍മിപ്പിച്ചു.
Post Your Comments