മംഗളൂരു• ഉഡുപ്പി ജില്ലയിലെ ഷിർവയിൽ അസിസ്റ്റന്റ് ഇടവക വികാരിയും സ്‌കൂളിലെ പ്രിൻസിപ്പമായ പുരോഹിതനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഫാ. മഹേഷ് ഡിസൂസ (36) ആണ് മരിച്ചത്. പുരോഹിതൻ ആത്മഹത്യാ കുറിപ്പൊന്നും എഴുതിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിഷാദരോഗമൂലമാണ് കടുംകൈ ചെയ്തതെന്ന് സംശയിക്കുന്നു. പള്ളി വളപ്പിലെ മുറിയിൽ വെള്ളിയാഴ്ച രാത്രി 8.30 നും രാത്രി 9 നും ഇടയിലാണ് ആത്മഹത്യ നടന്നിരിക്കാമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളിയാഴ്ച നടന്ന പള്ളി യോഗത്തിലാണ് ഫാ. മഹേഷിനെ അവസാനമായി കണ്ടത്. യോഗത്തില്‍ നിന്ന് അദ്ദേഹം പെട്ടെന്ന് മുറിയിലേക്ക് മടങ്ങിയിരുന്നു. നേരത്തെ വെള്ളിയാഴ്ച ഫാ. മഹേഷ് അധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു.
മഴയും ഇടിമിന്നലും കാരണം വൈകുന്നേരം 6.30 മുതൽ സ്കൂളിലെയും പള്ളിയിലെയും സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ പുരോഹിതൻ ആത്മഹത്യ ചെയ്ത സമയത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന സൂചനകൾക്കായി പോലീസ് പുരോഹിതന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചുവരികയാണ്. ശവസംസ്‌കാരം തിങ്കളാഴ്ച ഷിർവയിൽ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments