സൗദി: സൗദിയിലെ സ്റ്റാർ ഹോട്ടലുകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഫീസ് ഇനത്തിൽ ഇനി ഒരു ലക്ഷം റിയാൽ വരെ നൽകണം. കൂടാതെ ഈ സ്ഥാപനങ്ങളിലെ വിൽപന സാധനങ്ങൾക്ക് നൂറു ശതമാനം നികുതി ഈടാക്കുകയും ചെയ്യും.
ഇത്തരം കടകൾ തുടങ്ങുന്നതിനും ലൈസൻസ് പുതുക്കുന്നതിനും ഒരു ലക്ഷം റിയാൽ വരെ വാർഷിക ഫീസ് ഈടാക്കുമെന്ന് സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കോഫീ ഷോപ്പുകളും റെസ്റ്റാറന്റുകളും നടത്താൻ ചിലവ് കൂടുന്നതാണ് പുതിയ തീരുമാനം.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഒന്നാം കാറ്റഗറിയിൽ പെടുന്നവർ ഒരു ലക്ഷം റിയാലും അഞ്ചാം കാറ്റഗറിയിൽ പെടുന്നവർ പതിനായിരം റിയാലും ഫീസ് അടയ്ക്കണം. ഫോർ സ്റ്റാർ കാറ്റഗറിയിൽ 5000 മുതൽ 50,000 വരെയാണ് ഫീസ്. സ്റ്റാർ ഹോട്ടലുകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് കൂടുതൽ നികുതി ചുമത്തുന്ന നിയമം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. ഹോട്ടലുകളെ 5 കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അല്‌ഖോബാർ, ദഹ്‌റാൻ എന്നീ നഗരങ്ങളിലെ ഹോട്ടലുകളാണ് ഒന്നാം കാറ്റഗറിയിൽ പെടുന്നത്.
ഏതെങ്കിലും ഈവൻറുമായി ബന്ധപ്പെട്ട് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് 600 മുതൽ 3000 വരെ റിയാൽ ഫീസ് ഈടാക്കും. നഗരസഭയാണ് ഇതിനുള്ള അനുമതി നൽകുക.
പുകയില വിൽക്കുന്ന കടകളിലെ എല്ലാ വിൽപ്പന സാധനങ്ങൾക്കും നൂറു ശതമാനം നികുതി ചുമത്താനാണ് തീരുമാനം. ഈ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മറ്റു കടകളേക്കാൾ ഇരട്ടി വില നാൽകേണ്ടി വരും.
Post Your Comments