കോഴിക്കോട് : കേരളത്തെ നടുക്കിയ കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ കിടന്നു എന്ന് പറയുന്ന മുറികളും അദ്ദേഹം കണ്ടു. അന്വേഷണ ഉദ്യോഗസ്ഥന് റൂറല്‍ എസ്. പി സൈമണിനൊപ്പമാണ് ബെഹ്റ പൊന്നാമറ്റത്തെത്തിയത്. അന്വേഷണ പുരോഗതി വിലയിരുത്താനാണ് പൊലീസ് മേധാവി കൂടത്തായിലെത്തിയത്. വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം വടകര റൂറല്‍ എസ്പി ഓഫീസിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായി സംസാരിച്ചു. പല കേസുകളുടെ നിര്‍ണായക സമയങ്ങളില്‍ ഡിജിപി സമാനമായ രീതിയില്‍ സംഭവം നടന്ന വീട് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു.
അതേസമയം കൂടത്തായി കേസിലെ പ്രതികളെ പൊലീസ് മേധാവി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) യിലേതുള്പ്പെടെയുള്ള അന്വേഷണ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ജോളി അടക്കമുള്ള പ്രതികളെ ബെഹ്റ ചോദ്യംചെയ്യുമെന്നു കരുതുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കേസായതിനാല്‍ തെളിവുകള്‍ ശാസ്ത്രീയമായ ചോദ്യംചെയ്യലിലൂടെയേ ലഭിക്കൂ. പ്രതികള്‍ അറസ്റ്റിലായെങ്കിലും അവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷമേ കൂടത്തായിയിലേക്ക് പോകുന്നുള്ളൂവെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കോഴിക്കോട് നിന്നും മടങ്ങിയേക്കും.
Post Your Comments