റോം: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച വത്തിയ്ക്കാനില്‍ നടക്കും.
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ചടങ്ങുകള്‍ക്കു മുന്നോടിയായി ശനിയാഴ്ച റോമിലെ ‘മരിയ മജോരേ’ മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും.
ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധപദവിപ്രഖ്യാപനം നടക്കും. മറിയംത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി പോസ്റ്റ്ലേറ്റര്‍ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. തിരുശേഷിപ്പ് വിശുദ്ധപദവി പ്രഖ്യാപനദിവസം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.
തിങ്കളാഴ്ച റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ രാവിലെ 10.30-ന് നടക്കുന്ന കൃതജ്ഞതാബലിയില്‍ സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ 51 മെത്രാന്മാര്‍ തിരുകര്‍മങ്ങളില്‍ സഹകാര്‍മികരാകും.
Post Your Comments