അമ്രോഹ: ഉള്ളി അരിയുമ്പോള്‍ മിക്ക സ്ത്രീകളും കരയുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ ഉള്ളികാരണം ആരെങ്കിലും ആശുപത്രിയിലായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ നിന്നും പുറത്തുവരുന്നത്. ഇവിടെ ഉള്ളികാരണം ആശുപത്രിയിലായിരിക്കുന്നത് അഞ്ച് സ്ത്രീകളാണ്. ഇതില്‍ ഉള്ളിക്ക് പങ്കില്ലെങ്കിലും അവര്‍ തല്ലുകൂടിയത് ഉള്ളിയുടെ പേര് പറഞ്ഞായിരുന്നു.
ഇപ്പോഴത്തെ ഉള്ളി വിലയും സാമ്പത്തിക നിലയും അനുസരിച്ച് ഉള്ളി വാങ്ങാന്‍ കഴിയില്ലെന്നു പറഞ്ഞ് ഒരു സ്ത്രീ മറ്റൊരാളെ കളിയാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ രണ്ട് സ്ത്രീകളും തമ്മില്‍ തര്‍ക്കമായി. ഇതില്‍ കൂടുതല്‍ സ്ത്രീകള്‍ ഇടപെട്ടതോടെ കലഹം അക്രമാസക്തമാവുകയും അഞ്ച് സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ കലാഖേരി ഗ്രാമത്തിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് ഉള്ളിയുടെ വിലയെക്കുറിച്ച് നേഹ എന്ന സ്ത്രീ തര്‍ക്കിച്ചതിനെ തുടര്‍ന്നാണ് കലഹത്തിന് തുടക്കമിട്ടത്. ഉള്ളി വാങ്ങാനുള്ള സാമ്പത്തികശേഷി നേഹയ്ക്ക് ഇല്ലെന്നും വെറുതേ അവളോട് സംസാരിച്ച് സമയം കളയേണ്ടെന്നും അയല്‍വാസിയായ ദീപ്തി വ്യാപാരിയോട് പറഞ്ഞു. ഇതോടെ തന്നെ അധിക്ഷേപിച്ച ദീപ്തിയെ നേഹ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളായ മറ്റ് സ്ത്രീകളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ തര്‍ക്കം ്അടിപിടിയില്‍ കലാശിച്ചു.
നേഹ, ദീപ്തി എന്നിവരെക്കൂടാതെ മറ്റ് മൂന്ന് സ്ത്രീകള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. കുറച്ച് നാളുകളായി ഉള്ളി വിലയില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഇന്ത്യന്‍ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായ ഉള്ളി പലര്‍ക്കും വാങ്ങാനാവാത്ത അവസ്ഥയാണ്.
Post Your Comments