ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം നാളെ പൂനെയില്‍ നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റ് മത്സരത്തിന് വേദിയാവുക. രാവിലെ ഒമ്പതിനാണ് മത്സരം. രണ്ടാം മത്സരവും ജയിച്ച് പരമ്പരയില്‍ ആധിപത്യം നേടാനാണ് ഇന്ത്യയുടെ ശ്രമം.
മോശം പിച്ചെന്ന പേരില്‍ നേരത്തെ ഏറെ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം. സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് പിച്ച്. 2017 ല്‍ ഇവിടെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നു. 31 വിക്കറ്റുകളാണ് ഇരുടീമിലെയും സ്പിന്നര്‍മാര്‍ നേടിയത്. അതേസമയം ജയം നേടി പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ റണ്‍ വേട്ടക്കാര്‍ക്ക് സാധ്യത കുറയുമെന്നാണ് ക്യുറേറ്റര്‍മാരുടെ കണക്കുകൂട്ടല്‍.
ആദ്യ ടെസ്റ്റില്‍ ഇന്ത്യ 203 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ഇതേ പ്രകടനം പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയിറങ്ങുക. മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം പൂനെയില്‍ ഇന്ന് പരിശീലനത്തിനിറങ്ങി.
2017 ല്‍ ഇന്ത്യയും – ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന മത്സരത്തിന് മുമ്പായി പിച്ച് ഫിക്സിംഗ് നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ഇവിടത്തെ ഗ്രൗണ്ട്സ്മാനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു.
Post Your Comments