ന്യൂഡല്‍ഹി: സാംസ്കാരിക പ്രവർത്തകർ പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 49 പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കും. പകരം ഈ സംഭവത്തെക്കുറിച്ച് പരാതി നല്കിയ കോൺഗ്രസ് പ്രവർത്തകനായ അഭിഭാഷകനെതിരെ കേസ് എടുത്തു. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് കേസ് റദ്ദാക്കുന്നത്. ബിഹാര്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജപരാതി നല്‍കിയതിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. സുധീര്‍ ഓജയുടെ പരാതിയില്‍ ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീര്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍, എഴുത്തുകാരന് രാമചന്ദ്ര ഗുഹ, തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പിട്ടിരുന്നു.
Post Your Comments