തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ പിതാവ് സക്കറിയേയും ഇന്ന് ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ജോളിയുമായി പണമിടപാട് നടത്തിയെന്ന് സംശയിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാമകൃഷ്ണന്റെ കുടുംബം ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിട്ടുണ്ട്. വസ്തു വിറ്റ വകയിൽ ലഭിച്ച 55 ലക്ഷം രൂപ ജോളി തട്ടിയെടുത്തതായി സംശയിക്കുന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസമായ 2016 മെയ് പതിനേഴിനാണ് രാമകൃഷ്ണൻ മരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് മരണപ്പെടുന്നത്. അതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നുവെന്നും അതിനാൽ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും കുടുംബം പ്രതികരിച്ചു. മരണത്തിൽ അസ്വാഭാവിക തോന്നാതിരുന്നതിനാൽ പരാതിയുമായി ഭാര്യയും മകനും രംഗത്തെത്തിയതുമില്ല.
ജോളിയും രാമകൃഷ്ണനും തമ്മിൽ പരിചയമുള്ള കാര്യം കുടുംബത്തിനറിയില്ലായിരുന്നു. കൂട്ടക്കൊല അന്വേഷണത്തിനിടയിലാണ് ജോളിയേയും രാമകൃഷ്ണനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില തെളിവുകൾ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചത്. തുടർന്നാണ് രാമകൃഷ്ണന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയത്. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുമായി കുടുംബം രംഗത്തെത്തിയത്. ഒരു വസ്തു വിറ്റുകിട്ടിയ വകയിൽ 55 ലക്ഷം രൂപ ആരോ രാമകൃഷ്ണനിൽ നിന്ന് തട്ടിച്ചിരുന്നുവെന്നും അത് ജോളിയാണോയെന്ന് സംശയമുണ്ടെനും കുടുംബം പറയുന്നു.
Post Your Comments