ബെയ്ജിംഗ്: ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ വിഷയത്തില്‍ നടത്തുന്ന തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന. പരസ്പരമുള്ള ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും മേഖലയിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാന്‍ തങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെടുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ആഴ്ചകള്‍ ബാക്കി നില്ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിലപാട് മാറ്റം. ബെയ്ജിംഗില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഷി ചിന് പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ചൈന പുതിയ പ്രസ്താവന പുറത്തിറക്കിയത്.
യുഎന്നിലും മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നിന്നപ്പോള്‍ ചൈനയാണ് പാകിസ്ഥാനെ സഹായിച്ചത്. പാകിസ്ഥാനുമായി ചൈനയ്ക്ക് വര്‍ഷങ്ങളായുള്ള വ്യാപാര-പ്രതിരോധ ബന്ധമാണുള്ളത്, കൂടാതെ ഇന്ത്യയുമായി വ്യാപാര മത്സരവുമുണ്ട്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പാകിസ്ഥാനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ നിലപാടിനെ ചൈന എതിര്‍ത്തിരുന്നു.
പ്രത്യേകമായി ലഡാക്കുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനത്തിലാണ് ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. കശ്മീരുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തങ്ങള്‍ക്കുള്ള പരമാധികാരത്തിനു ഇന്ത്യ വില കല്‍പ്പിക്കുന്നില്ലെന്നാണ് ചൈന ആരോപിച്ചത്.
ഈ പ്രദേശം ടിബറ്റിനും ചൈനയ്ക്കും തന്ത്രപ്രധാനമാണെന്നും ഈ ഭാഗത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കിടക്കുന്ന പ്രദേശം കശ്മീരിന്റെ ഭാഗമായി ഇന്ത്യ പരിഗണിക്കുന്നതിലും, അതുവഴി അത് ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നതിലുമായിരുന്നു ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന് തിരിച്ചടിയായാണ് ചൈന നിലപാട് മാറ്റി പുതിയ പ്രസ്താവന പുറത്തിറക്കിയത്.
Post Your Comments