കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 16ന് നടക്കും. മൈത്രിപാല സിരിസേന മത്സരിക്കില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി വ്യക്തമാക്കി. അഞ്ച് വർഷ കാലാവധി തീരാൻ 52 ദിവസം ശേഷിക്കെ ആയിരിക്കും അദ്ദേഹം പടി ഇറങ്ങുന്നത്.
ശ്രീലങ്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ കുടുംബം രണ്ട് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതു കൂടി കണക്കിലെടുത്താണ് സിരിസേനയുടെ പിൻമാറ്റം.കഴിഞ്ഞ വർഷം സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദരാജപക്സെയെ ആ സ്ഥാനത്ത് നിയമിച്ചത് വിവാദമായിരുന്നു. ശ്രീലങ്കൻ സുപ്രീംകോടതി ആ നടപടി റദ്ദാക്കി വിക്രമസിംഗെയെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത് സിരിസേനയ്ക്ക് തിരിച്ചടിയായിരുന്നു.
ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാജപക്സെയുടെ ജ്യേഷ്ഠ സഹോദരൻ ചമാൽ രാജപക്സെയും ഇളയ സഹോദരൻ ഗോതാഭയ രാജപക്സെയും ആണ് ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ സ്ഥാനാർത്ഥികൾ. മത്സരിക്കാൻ പണം കെട്ടിവച്ച് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് അവസാനിച്ചപ്പോൾ സിരിസേന ഒഴികെ 41 സ്ഥാനാർത്ഥികളാണ് ലിസ്റ്റിൽ ഉള്ളത്.
Post Your Comments