ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഉടൻ അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു കഴിഞ്ഞു. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ചിരുന്നു.
വോട്ടെണ്ണൽ തുടങ്ങി അവസാനഘട്ടത്തിലെത്തുമ്പോൾ എൻഡിഎയുടെ സ്ഥാനാർത്ഥി ദ്രൗപദി മുർമു പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെക്കാൾ ഇരട്ടി വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം തെളിയിച്ചു കൊണ്ട് മുന്നേറുകയാണ്. ദ്രൗപതി മുർമു 540 എംപിമാരുടെ വോട്ട് ഉറപ്പിച്ചു, മൂല്യം 3,78,000; 1,45,600 മൂല്യമുള്ള യശ്വന്ത് സിൻഹ 208 വോട്ടുകൾ നേടി. ആകെ 15 വോട്ടുകൾ അസാധുവാണെന്ന് രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദി പറഞ്ഞു.
‘ഇവ പാർലമെന്റിന്റെ (വോട്ടുകൾ) കണക്കുകളാണ്, ദയവായി അടുത്ത പ്രഖ്യാപനത്തിനായി കാത്തിരിക്കുക,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നത് എംഎൽഎ മാരുടെ വോട്ടുകളാണ്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും സിപിഎമ്മും പിന്തുണ അറിയിച്ചിരുന്നു.
Post Your Comments