KeralaNews

പിടിയിലാകുമെന്ന് ഉറപ്പിലായതോടെ രക്ഷപെടാന്‍ ശ്രമം; ജോളിയുടെ തന്ത്രങ്ങള്‍ പാളിയതിങ്ങനെ

കോഴിക്കോട്: കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സ്വന്തം നാടായ കട്ടപ്പനയിലേക്ക് രക്ഷപെടാന്‍ ശ്രമം നടത്തിയതായി കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നും ജോളി പറഞ്ഞു. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയിയുടേതുള്‍പ്പെടെ കല്ലറ പൊളിച്ചുള്ള പരിശോധന നടത്താന്‍ തീരുമാനിച്ചതോടെ ഇവര്‍ ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം അറസ്റ്റില്‍ നിന്ന് ഒഴിവാകാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അടുത്ത വീട്ടിലിരുന്നാണ് ഇവര്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

എന്നാല്‍ മുന്‍പ് ആറ് തവണ മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റിപ്പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ജോളിയെ അവിശ്വസിക്കുന്നതായി ഭാവിച്ചില്ല. കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പ് കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് ജോളി അറിയിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായിയില്‍ തുടരാനായിരുന്നു ക്രൈംബ്രാഞ്ച് സംഘം നല്‍കിയ നിര്‍ദേശം. ഇതോടെ ജോളിക്ക് താന്‍ പിടിയിലാകുമെന്ന സംശയമുണ്ടായിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ
ഭാഗമായാണ് വിശ്വസ്തനായ ലീഗ് നേതാവിനും സുഹൃത്തിനുമൊപ്പം ജോളിയുടെ അടുത്ത വീട്ടിലിരുന്ന് കൂടിയാലോചിച്ചത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാമ്പത്തികമായും അല്ലാതെയും സഹായിക്കാമെന്ന് പലരും അറിയിച്ചു. പ്രത്യക്ഷത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന ഏറെ അടുപ്പമുള്ള അഭിഭാഷകന്റെ വാക്കുകളാണ് പക്ഷേ ജോളിയെ നിരാശയിലാക്കിയത്.

കംപ്യൂട്ടറും മറ്റ് രേഖകളുമായി ബന്ധുവീട്ടിലേക്ക് മാറാന്‍ ശ്രമിച്ചെങ്കിലും വനിതാ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനായില്ല. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മാത്രം നിരത്തിയതോടെ ജോളി കുറ്റമേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ജോളിയുടെ സുഹൃത്തുക്കളായ ഇരുവരും കേസില്‍ അറസ്റ്റിലാകാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button