Latest NewsNewsIndia

എന്നോട് കലഹിച്ചിട്ട് കാര്യമില്ല, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; കണക്കിന് കിട്ടിയപ്പോള്‍ കളംമാറ്റി കടകംപള്ളി

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് മന്ത്രി കടകംപള്ളി. കുമ്മനടി പ്രയോഗം വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വോട്ടുകള്‍ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടതെന്നും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ മറുപടി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ കുമ്മനം നടത്തിയ ആരോപണങ്ങളില്‍ പലതും ജനങ്ങളും കോടതിയും തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ നിരാശ കുമ്മനം അസത്യ പ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികിട്ടാപ്രേതമായി അലയുന്നതില്‍ സഹതാപമുണ്ടെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കുമ്മനം രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിരുന്നു.

രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല തന്നെ നയിക്കുന്നതെന്നും കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം തനിക്കില്ല എന്നുമാണ് കുമ്മനം പറഞ്ഞത്. ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നും ആ അര്‍ത്ഥത്തില്‍ താനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തനിക്ക് മാസപ്പടി നല്‍കാനോ ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നില്‍ക്കുന്നില്ലെന്നും അത് അങ്ങയുടെ ദൃഷ്ടിയില്‍ ഒരു പോരായ്മ തന്നെയാണല്ലോ എന്നും കുമ്മനം ചോദിച്ചു.

28-ാം വയസില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ചയാളാണ് താനെന്നുംകടിപിടി കൂടാന്‍ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിര്‍ന്നതെന്നും കുമ്മനം വ്യക്തമാക്കി. പത്ത് വോട്ട് തികച്ച് കിട്ടാന്‍ സാധ്യതയില്ലാത്ത കാലം മുതല്‍ മത്സരരംഗത്തുള്ളവരാണ് താനും തന്റെ പ്രസ്ഥാനവുമെന്നും ആ പാരമ്പര്യം താങ്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിക്കോ ഉണ്ടോ എന്നുമായികുന്നു കടകംപള്ളിയുടെ ആരോപണങ്ങള്‍ക്കെതിരെ കുമ്മനം നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണിപ്പോള്‍ കുമ്മനത്തോട് ക്ഷമ ചോദിച്ചുകൊണ്ട് കടകംപള്ളി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button