Latest NewsKeralaNews

സര്‍വീസ് സെന്ററില്‍ പതിവ് പരിശോധനകള്‍ക്ക് വാഹനം ഏല്‍പിച്ച് മടങ്ങിയ ഉടമയ്ക്ക് പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍

നരിക്കുനി: സര്‍വീസ് സെന്ററില്‍ പതിവ് പരിശോധനകള്‍ക്ക് വാഹനം ഏല്‍പിച്ച് മടങ്ങിയ ഉടമയ്ക്ക് പിറ്റേന്ന് രാവിലെ ഫോണ്‍ വന്നത് പൊലീസ് സ്റ്റേഷനില് നിന്ന്. അംഗീകൃത സര്‍വീസ് സെന്ററിലാണ് റിട്ട.എസ്‌ഐ പാറന്നൂര്‍ പാലോളിത്താഴം തുഷാരത്തില്‍ വി.സുരേഷ് കാര്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പൊലീസ് വിളിച്ച് അറിയിച്ചത് അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ്. ഹ്യുണ്ടായ് ഐ20 കാറാണ് ഇദ്ദേഹം കുന്നമംഗലം താഴെ പതിമംഗലത്തുള്ള സര്‍വീസ് സെന്ററില്‍ ഏല്‍പിച്ചത്. വാഹനം ഏല്‍പിച്ചു മടങ്ങിയ അന്ന് രാത്രി സുരേഷിന്റെ കാറുമായി സര്‍വീസ് സെന്ററിലെ 4 ജീവനക്കാര്‍ കറങ്ങാനിറങ്ങി.

എന്നാല്‍ രാത്രി 12.30ന് 25 കിലോമീറ്ററോളം അകലെ അടിവാരം പെരുമ്പള്ളിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ ഇടിച്ച് കാര്‍ തകര്‍ന്നു. സര്‍വീസ് സെന്ററില്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വാഹനം നിയമവിരുദ്ധമായി ഉപയോഗിച്ച് വന്‍ നഷ്ടം വരുത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പൊലീസില്‍ പരാതി നല്‍കി. കാര്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ ശേഷം സര്‍വീസ് സെന്ററുമായും പ്രധാന ഓഫിസുമായും ബന്ധപ്പെട്ടപ്പോഴൊക്കെ അവരുടെ ഭാഗത്തു നിന്നുള്ള മറുപടി തൃപ്തികരമായിരുന്നില്ലെന്നും സുരേഷ് പറയുന്നു.

തന്റെ വാഹനത്തിന്റെ അതേ പഴക്കമുള്ള മറ്റൊരു വാഹനം നല്‍കാമെന്ന വാഗ്ദാനം ഇദ്ദേഹം നിരസിച്ചു. അതേസമയം കമ്പനിയുടെ അറിവോടെയോ അനുമതിയോടെയോ അല്ല സര്‍വീസ് നടത്തുന്നതിനായി ഏല്‍പിച്ച കാറുമായി ജീവനക്കാര്‍ പുറത്തു പോയത്. കാര്‍ പുറത്തു കൊണ്ടു പോയി അപകടം വരുത്തിയ സംഭവത്തില്‍ 2 താല്‍ക്കാലിക ജീവനക്കാരടക്കം 4 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button