Latest NewsNewsIndia

വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണം; പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഹര്‍ജിയുമായി ഒന്നാം പ്രതി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍. നിയമാനുസൃതമായല്ല വിജിലന്‍സ് എഫ്‌ഐആര്‍ എന്നാണ് സുമിത് ഗോയല്‍ ഹര്‍ജിയില്‍ പറയുന്നത്. സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കേസെടുത്തതെന്നും അതിനാല്‍ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും സുമിത് ഗോയല്‍ ഹര്‍ജിയില്‍ വാദിക്കുന്നു. ഈ മാസം ഒന്‍പതിനാണ് ഹര്‍ജി പരിഗണിക്കുക.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സുമിത് ഗോയല്‍ എംഡിയായ ആര്‍ ഡി എസ് പ്രൊജക്ട്‌സാണ്. ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ കൈവശമുണ്ട്.

പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റോകോ എംഡിയുടെ ചുമതലയുണ്ടായിരുന്ന ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്‍ഡ് ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഓഗസ്റ്റ് 30നാണ് പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ടി.ഒ. സൂരജടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തത്.

പൊതുമരാമത്ത് മന്ത്രിയുടെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ലാണു പാലാരിവട്ടം പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലത്തില്‍ കുഴികള്‍ രൂപപ്പെടുകയായിരുന്നു. മേല്‍പാലം അപകടത്തിലായതിനെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്‍ മേയ് മൂന്നിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button