കോഴിക്കോട് : മുക്കത്ത് നിന്നടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ശരീരഭാഗങ്ങള്‍ ഒരാളുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനായി തലയോട്ടിയെ അടിസ്ഥാനമാക്കി രേഖാചിത്രം തയ്യാറാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
2017 ജൂലൈ 6നാണ് തലയും കാലും കൈയ്യുമില്ലാത്ത ശരീരഭാഗം ചാക്കില്‍ കെട്ടിയ നിലയില്‍ അഴുകി മുക്കം ഗേറ്റുംപടിയില്‍ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പിന്നീട് ചാലിയം കടപ്പുറത്ത് നിന്ന് കൈയുടെ ഭാഗം കിട്ടി. മറ്റൊരിടത്ത് നിന്ന് തലയോട്ടിയും. ഇത്തരത്തില്‍ നാല് ഇടത്തു നിന്നായി ലഭിച്ച ശരീര ഭാഗങ്ങള്‍ ഒരാളുടേതാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുക്കത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തി. തലയോട്ടിയുടെ ചിത്രം ഉപയോഗപ്പെടുത്തി വിദഗ്ധരുടെ സഹായത്തോടെ മരിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
നേരത്തെ മൃതദേഹ ഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയ സമയത്ത് രജിസ്റ്റര്‍ ചെയ്ത, ആളുകളെ കാണാതായെന്ന പരാതികളെ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല. തെളിവുകള്‍ നശിപ്പിക്കാനായാണ് വിവിധ ഇടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം.
Post Your Comments