തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉഗ്രന്‍ മറുപടിയുമായി കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ നിരാശ കുമ്മനം അസത്യ പ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികിട്ടാപ്രേതമായി അലയുന്നതില്‍ സഹതാപമുണ്ടെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയുമായിട്ടാണ് ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ എത്തിയിരിക്കുന്നത്.
രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല തന്നെ നയിക്കുന്നതെന്നും കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം തനിക്കില്ല എന്നുമാണ് കുമ്മനം പറഞ്ഞത്. ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നും ആ അര്‍ത്ഥത്തില്‍ താനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണെന്നും കുമ്മനം പറയുന്നു. തനിക്ക് മാസപ്പടി നല്‍കാനോ ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നില്‍ക്കുന്നില്ലെന്നും അത് അങ്ങയുടെ ദൃഷ്ടിയില്‍ ഒരു പോരായ്മ തന്നെയാണല്ലോ എന്നും കുമ്മനം ചോദിക്കുന്നു.
28-ാം വയസില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ചയാളാണ് താനെന്നും കടിപിടി കൂടാന്‍ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിര്‍ന്നതെന്നും കുമ്മനം വ്യക്തമാക്കി. പത്ത് വോട്ട് തികച്ച് കിട്ടാന്‍ സാധ്യതയില്ലാത്ത കാലം മുതല്‍ മത്സരരംഗത്തുള്ളവരാണ് താനും തന്റെ പ്രസ്ഥാനവുമെന്നും ആ പാരമ്പര്യം താങ്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിക്കോ ഉണ്ടോ എന്നും കുമ്മനം ചോദിച്ചു.
ഇതിനു മുന്‍പ് നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും കടകംപള്ളി സുരേന്ദ്രന്‍ തന്നെ ചെളിവാരി എറിഞ്ഞിട്ടുണ്ടെന്നും തിരുവനന്തപുരത്തെ നവീകരിച്ച മിത്രാനന്ദപുരം കുളം സമര്‍പ്പണ ചടങ്ങില്‍ ക്ഷണിക്കാതെ താങ്കളോടൊപ്പം വേദിയില്‍ കയറിയിരുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ ആക്ഷേപമെന്നും പരിപാടിയുടെ സംഘാടകരോടോ എക്‌സിക്യൂട്ടീവ് ഓഫീസറോടോ പ്രാഥമിക അന്വേഷണം നടത്താനുള്ള സാമാന്യ മര്യാദ പോലുമില്ലാതായിരുന്നു നുണ പ്രചരണമെന്നും കുമ്മനം പറയുന്നു. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കൊപ്പം താന്‍ ട്രെയിന്‍ യാത്ര നടത്തിയത് സുരക്ഷാ വീഴ്ചയാണെന്നും ക്ഷണമില്ലാതെയായിരുന്നു എന്നും താങ്കള്‍ ആരോപിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമോ അനുമതിയോ ഇല്ലാതെ ഒരാള്‍ക്കും അത് സാധ്യമാകില്ല എന്ന പ്രാഥമിക അറിവ് പോലുമില്ലാതെയായിരുന്നു ആ ജല്‍പ്പനമെന്നും സ്വന്തം സംസ്ഥാനത്തെ ഡിജിപിയോടോ ആ ജില്ലയിലെ എസ് പിയോടോ ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍ നിഷ്പ്രയാസം അറിയാന്‍ കഴിയുമായിരുന്ന കാര്യമാണ് താങ്കളുടെ കുബുദ്ധി നുണ പ്രചരണമാക്കി മാറ്റിയതെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments