KeralaLatest NewsNews

കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം : സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയിലേയ്ക്ക്

കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം

കോഴിക്കോട് : കൂടത്തായിലെ കൂട്ടമരണങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന ഒരോ കാര്യങ്ങളും സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവുമായത് രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണമായിരുന്നുവെന്ന് പൊലീസ് പറയുന്നു.. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണത്തോടെ ഇരുവരെയും ഷാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നിനു രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു.

ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

ആദ്യഭാര്യയുടെ മരണം സംഭവിച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍, 2017 ഫെബ്രുവരി ആറിന് ഷാജു, ജോളിയെ വിവാഹം കഴിച്ചത് നിരവധി സംശയങ്ങള്‍ക്കും എതിര്‍പ്പിനും കാരണമായി. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹം ഉറ്റവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിവൈരാഗ്യവും സംശയങ്ങളും കൊലപാതകത്തിലേക്കെത്തിച്ചെന്നാണ് നിഗമനം.

രണ്ടു വയസ്സ് മാത്രം പ്രായമുള്ള ആല്‍ഫൈനെയും ഷാജുവിന്റെ ആദ്യഭാര്യയെയും തന്ത്രപൂര്‍വം ഒഴിവാക്കിയത് ഷാജുവുമൊത്തുള്ള ജീവിതം മുന്നില്‍ കണ്ടാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പതിനാലു വര്‍ഷത്തെ കാലയളവില്‍ ഒരേ രീതിയില്‍ ആറുമരണങ്ങള്‍ നടന്നിട്ടും ഉറ്റ ബന്ധുക്കളാരും മരിച്ച റോയിയുടെ ഭാര്യ ജോളിയെ സംശയിച്ചിരുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button