ന്യൂഡൽഹി: സ്വന്തമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയ സന്തോഷവാർത്ത പങ്കുവച്ച് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ. അന്താരാഷ്ട്ര നിലവാരമുള്ള ഇവ സുരക്ഷിതവും ഭാരം കുറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു ഇതിനുമുൻപ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കഴിഞ്ഞ ദിവസം പാസ്വാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മുൻ ആർമി ഉദ്യോഗസ്ഥർ ജാക്കറ്റ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും അതിന്റെ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്തു. വെടിയുണ്ടകളിൽനിന്ന് 360 ഡിഗ്രിയിൽ ശരീരത്തിന് സംരക്ഷണം നൽകുമെന്ന് ഇവർ വിശദീകരിച്ചു. ഇവ ധരിച്ച് സൈനികർക്ക് ആയുധമുപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ബി.ഐ.എസ്(2018) നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചത്. ബിഐഎസ് നിശ്ചയിച്ചിട്ടുള്ള നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് അഞ്ച് -പത്ത് വരെ കിലോഗ്രാം ഭാരമുണ്ട്. 70,000 മുതൽ 80,000വരെയാണ് വില. ഈ ജാക്കറ്റുകൾ ഇതിനോടകം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന സന്തോഷവും പാസ്വാൻ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. കൂടാതെ ഇത് രാജ്യത്തുടനീളം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments