KeralaLatest NewsNews

രഘുവിന്റെ പേരില്‍ നാട്ടില്‍ മുഴുവന്‍ ‘ചികിത്സാ സഹായ’ പിരിവ്: ഒടുവില്‍ രഘുവിന്റെ വീട്ടിലുമെത്തിയതോടെ സംഘം കുടുങ്ങി

പന്തളം: വ്യാജ പിരിവിന് ഇറങ്ങിയ സംഘം കുടുങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് സംഘത്തെ കുടുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞായിരുന്നു രണ്ടംഗസംഘത്തിന്റെ പിരിവ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ രഘുവിന്റെ പേരു പറഞ്ഞാണ് സംഘം പിരിവ് നടത്തിയത്. ഒടുവില്‍ രഘുവിന്റെ തന്നെ വീട്ടിലെത്തി പിരിവ് ചോദിച്ചതോടെയാണ് സംഘം കുടുങ്ങിയത്.

ഇലന്തൂര്‍ തോന്ന്യാമല പള്ളിപ്പറമ്പില്‍ ജോണിക്കുട്ടി (53), അഴൂര്‍ സന്തോഷ് ഭവനില്‍ മുകളുംമുറിയില്‍ തോമസുകുട്ടി (51) എന്നിവരാണ് പിടിയിലായത്. പന്തളം പെരുമ്പുളിക്കല്‍ കുളവള്ളി ഭാഗത്താണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചികിത്സാ സഹായം തേടി രണ്ടംഗ സംഘമെത്തിയത്. മകളുടെ കരള്‍ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

രഘുവിന്റെ അറിവോടെയാണ് വരുന്നതെന്നും പറഞ്ഞു. പണപ്പിരിവ് പുരോഗമിക്കുന്നതിനിടെ ഇരുവരും രഘുവിന്റെ വീട്ടിലുമെത്തി. വീട് തിരിച്ചറിയാതെ, രഘു പെരുമ്പുളിക്കല്‍ പറഞ്ഞിട്ടു ചികിത്സാ സഹായത്തിനു വന്നതാണെന്ന് ഇവിടെയും ഇവര്‍ പറഞ്ഞു. രഘുവിനെ അറിയാമോ എന്നു ചോദിച്ചപ്പോള്‍ തുമ്പമണ്‍ പഞ്ചായത്ത് അംഗമാണെന്ന് പറഞ്ഞതോടെ തട്ടിപ്പു മനസ്സിലായ രഘു നാട്ടുകാരെ വിളിച്ചു വരുത്തി ഇരുവരെയും തടഞ്ഞു വച്ച ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പന്തളം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button