
‘ഞങ്ങളെ വിട്ടിട്ട് അങ്ങെവിടെപ്പോയി ബാപ്പൂ.. ഇത്രയും വലിയ പ്രവൃത്തി ചെയ്തിട്ട്, രാജ്യത്തെ സ്വതന്ത്രമാക്കിയിട്ട് അങ്ങിതെവിടെപ്പോയി എന്റെ പൊന്നു ബാപ്പൂ.. ഇത് ഒരു നാടകത്തിന്റെ ഡയലോഗല്ല : ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിപ്രതിമയ്ക്കു മുന്നിലെ ഒരു രാഷ്ട്രീ നേതാവിന്റെ രോദനമെന്ന് പറയാം. കരച്ചില്‍ എന്ന അസ്സല്‍ നാടകം അവതരിപ്പിച്ചത് സമാജ് വാദി പാര്‍ട്ടി നേതാവാണ്. ഇത് ഫിറോസ് ഖാന്‍. സമാജ്വാദി പാര്‍ട്ടിയുടെ പശ്ചിമ യുപിയില്‍ നിന്നുള്ള നേതാവ്. പാര്‍ട്ടിയുടെ സംഭല്‍ ജില്ലാഘടകം പ്രസിഡണ്ട്..
ഗാന്ധിജയന്തി ദിവസം നടന്ന നാടകത്തില്‍ അസ്സല്‍ അഭിനയമാണ് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കാഴ്ചവെച്ചത്. ഫിറോസ് ഖാന്‍ ഒന്ന് കരഞ്ഞു. കരഞ്ഞു എന്ന് പറഞ്ഞാല്‍ പോരാ നിലവിളിച്ചു എന്നുതന്നെ പറയണം. നഗരത്തിലെ ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലായിരുന്നു രോദനം. എന്നാല്‍ കൂടെ വന്ന പലരും കണ്ണും പൂട്ടി മിണ്ടാട്ടമില്ലാതെ നിന്നു. ചിലര്‍ മിനക്കെട്ട് കരയാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പലരും ഏറെ ബുദ്ധിമുട്ടി ഒരു തുള്ളി കണ്ണുനീര്‍ ഒപ്പിച്ചു.
ഒടുവില്‍ കരഞ്ഞു തീര്‍ന്നപ്പോള്‍ കണ്ണുകള്‍ കൈലേസുകൊണ്ട് പതുക്കെ തുടച്ചു. ആ കരച്ചില്‍ കണ്ട് ഇനി ഗാന്ധിയെങ്ങാനും നേരിട്ട് വന്ന് കണ്ണ് തുടച്ചുകൊടുക്കുമോ എന്നു പോലും അണികള്‍ക്ക് തോന്നി. അത്രയും കേമമായിരുന്നു കരച്ചില്‍ അഭിനയം.
പിന്നെ ഗാന്ധിജിയോടെന്നോണമുള്ള സംഭാഷണമായിരുന്നു, ‘ഞങ്ങളെ വിട്ടിട്ട് അങ്ങെവിടെപ്പോയി ബാപ്പൂ..! ഇത്രയും വലിയ പ്രവൃത്തി ചെയ്തിട്ട്, രാജ്യത്തെ സ്വതന്ത്രമാക്കിയിട്ട് അങ്ങിതെവിടെപ്പോയി എന്റെ പൊന്നു ബാപ്പൂ..! ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഇത്രയും വലിയ ത്യാഗം ചെയ്തിട്ട് ഇതെവിടെപ്പോയി അങ്ങ് ബാപ്പൂ..! ‘
നേതാവിന്റെ വൈകാരിക വിക്ഷുബ്ധത കണ്ട് കൂടെ കരഞ്ഞുതുടങ്ങിയ ഒരു അനുയായി, തന്റെ നേതാവിന്റെ സംഭാഷണത്തിനൊപ്പവും അതിനു ശേഷവുമുള്ള അഭിനയരംഗങ്ങള്‍ മൊബൈല്‍ കാമറയിലൊന്ന് ഒപ്പി. എന്നാല്‍ കരച്ചിലടങ്ങും മുമ്പ് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫിറോസ് ഖാന്റെയും സംഘത്തിന്റെയും ഈ വൈകാരികപ്രകടനത്തെ സാമൂഹ്യ മാധ്യമങ്ങള്‍ ‘നാടകം’ എന്ന് പരിഹസിച്ചു.
ഗാന്ധിപ്രതിമ യുപി സര്‍ക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ട് ആകെ പൊടിയടിച്ചും കാക്കകള്‍ കാഷ്ഠിച്ചും ഇരിക്കുന്ന ദുരവസ്ഥകണ്ട് അറിയാതെ കരഞ്ഞുപോയതാണ് താനെന്നും, തുടര്‍ന്ന് പ്രതിമ വൃത്തിയാക്കുകയാണ് താന്‍ ചെയ്തത് എന്നും, തന്റെ കരച്ചിലിനെ നാടകം എന്ന് വിളിക്കുന്നവര്‍ ഗോഡ്‌സേക്കൊപ്പമാണ് എന്നും, ബിജെപിയുടെ അപരനാമമാണ് നാടകംകളി എന്നും ഫിറോസ് ഖാന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
https://twitter.com/i/status/1179402914114232320
Post Your Comments