അമിതമായി ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക, സ്വയം ഉപദ്രവിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക, സാധനങ്ങള്‍ നശിപ്പിക്കുക, കതക് വലിച്ചടയ്ക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ നിങ്ങളില്‍ പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.
അല്‍പം ദേഷ്യമൊക്കെ സര്‍വ്വ സാധാരണമാണ്. ദേഷ്യപ്പെടാത്ത മനുഷ്യര്‍ സമൂഹത്തില്‍ ഉണ്ടായിട്ടുമില്ല. എന്നാല്‍ അമിതമായി ദേഷ്യം വരുന്നതും അത് നിയന്ത്രിക്കാന്‍ കഴിയാത്തതുമാണ് പ്രശ്‌നം.
അമിതമായ ഉത്കണ്ഠ, നിരാശ, വിഷാദം, ആത്മവിശ്വാസക്കുറവ് ഇതെല്ലാം ദേഷ്യത്തിന്റെ കാരണങ്ങളാകാം. അല്‍പം ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ദേഷ്യം അടക്കാന്‍ കഴിയും. ദേഷ്യം നിയന്ത്രിക്കാനുള്ള ചില വഴികള്‍ പരീക്ഷിക്കാം.
ദേഷ്യത്തെ കീഴടക്കാന്‍ ആദ്യം വേണ്ടത് മനസിനെ നിയന്ത്രിക്കുകയാണ്. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് വേഗം മനസിനെ കീഴടക്കാന്‍ കഴിയും. വളരെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളെയും ലളിതമായി കാണാന്‍ ഇത് വഴി നിങ്ങള്‍ക്ക് കഴിയും.
ദീര്‍ഘ നിശ്വാസം എടുക്കുന്നത് വഴിയും കണ്ണടച്ച് ഒന്നു മുതല്‍ പത്ത് വരെ എണ്ണുന്നതു വഴിയും ദേഷ്യം കുറയ്ക്കാന്‍ സാധിക്കും. അല്‍പം നടക്കാന്‍ പോകുകയോ സംഗീതം ആസ്വദിക്കുകയോ ശാന്തമായ സ്ഥലങ്ങളില്‍ പോയി അല്‍പനേരം വിശ്രമിക്കുകയോ ഒക്കെ ചെയ്യുന്നത് മനസിനെ ശാന്തമാക്കും.
ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരു കാര്യം സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കരുത്. മനസ് ശാന്തമായതിന് ശേഷം മാത്രമെ ഏതൊരു കാര്യം സംബന്ധിച്ചും തീരുമാനമെടുക്കാവൂ. മുന്‍കോപം നിങ്ങളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളിവിടുകയെ ഉള്ളുവെന്ന ബോധ്യം ഉണ്ടാവണം.
Post Your Comments