തിരുവനന്തപുരം : പ്രതിസന്ധിയിൽ മുങ്ങി കെഎസ്ആര്‍ടിസി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടായിരത്തിലധികം താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ നിരവധി സര്‍വീസുകള്‍ മുടങ്ങി. കൊട്ടാരക്കരയില്‍ 17 , ചടയമംഗലത്ത് 16, എറണാകുളം 5, ആലുവ 5, അങ്കമാലി 7 കോട്ടയത്ത് 33 പൊന്നാനി 5, മലപ്പുറം 6, പത്തനംതിട്ട 21, ആലപ്പുഴ 16 ഉം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോർട്ട്. 1140 ഷെഡ്യൂളുകൾ വ്യാഴാഴ്ച റദ്ദാക്കിയത്. നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ളവർ ദുരിതത്തിലായി. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഓപ്പറേറ്റ് ചെയ്തതിനുശേഷമാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തിയതോടെ മലയോരമേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. ബുധനാഴ്ച 1176 ഷെഡ്യൂളുകളും റദ്ദാക്കിയതോടെ കളക്ഷനിലും ദോഷമായി ബാധിച്ചു. കഴിഞ്ഞ ബുധനാഴ്ച 6.71 കോടി രൂപ കളക്ഷന്‍ ലഭിച്ചുവെങ്കിൽ ഈ ബുധനാഴ്ച 5.24 കോടി രൂപ മാത്രമാണ് ലഭിച്ചത്.
തുടര്‍ച്ചയായി 179 ദിവസത്തിലധികം ജോലിയില്‍ തുടരുന്ന എംപാനല്‍ ഡ്രൈവര്‍മാരെ ജൂണ്‍ 30നു പിരിച്ചുവിട്ടിരുന്നു. ഇവരില്‍ ചിലരെ ചില യൂണിറ്റുകളില്‍ ദിവസവേതനത്തില്‍ ജോലിക്കു നിയോഗിച്ചു. ഇതിനെതിരെ പിഎസ് സി ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ കര്‍ശന നിർദേശം. യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് അറിയിപ്പ് നൽകി. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാന്‍ ഇന്നലെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ഗതാഗതമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.
Post Your Comments