Latest NewsKeralaNews

കൂടത്തായിലെ ദുരൂഹമരണങ്ങള്‍; കല്ലറ തുറന്നുള്ള പരിശോധന ആരംഭിച്ചു

കൂടത്തായി: കോഴിക്കോട് കൂടത്തായില്‍ ബന്ധുക്കളായ ആറ് പേര്‍ സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്നുള്ള ഫോറന്‍സിക് പരിശോധന ആരംഭിച്ചു. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് മരിച്ച ദമ്പതികളുടെ മകന്‍ റോജോ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കല്ലറ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

വിദ്യാഭ്യാസവകുപ്പിലെ റിട്ടേര്‍ഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം കുടുംബാംഗം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2002 മുതലായിരുന്നു ഈ ദുരൂഹ മരണങ്ങള്‍ നടന്നത്. കോടഞ്ചേരി പള്ളിയില്‍ അടക്കിയ സിസിലിയുടേയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത് പരിശോധിക്കുന്നത്. പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചേര്‍ന്ന തീരുമാനത്തിലാണ് നടപടി.

2002 ലായിരുന്നു ആദ്യ മരണം നടന്നത്. ടോം തോമസിന്റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നീട് ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ച് മരിച്ചു. 2011ല്‍ ടോം തോമസിന്റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. ഇതിന് ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്റെ സഹോദര പുത്രന്റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. എല്ലാം പെട്ടെന്ന് കുഴഞ്ഞു വീണുള്ള മരണമായിരുന്നു. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്റെ മകന്‍ റോജോയുടെ പരാതിയിലാണ് പിന്നീട് അന്വേഷണം നടക്കുന്നത്.

മരിച്ച ആറ് പേരില്‍ മറ്റ് നാല് പേരുടെയും മൃതദേഹം കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളിലാണ് അടക്കിയിരിക്കുന്നത്. മണ്ണില്‍ ദ്രവിക്കാതെ അവശേഷിക്കുന്ന എല്ല്, പല്ല് എന്നിവയാണ് ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കുന്നത്. ഈ പരിശോധനയില്‍ സയനൈഡടക്കമുള്ള വിഷം ഉള്ളില്‍ ചെന്നാണോ ഇവര്‍ മരണപ്പെട്ടതെന്ന് പരിശോധിക്കും.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്താനും ആലോചനയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. ഈ മരണങ്ങള്‍ക്ക് പിന്നില്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button