തിരുവനന്തപുരം•കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്ത നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല’ എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നുവെന്നും വി.എസ് പറഞ്ഞു.
പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വി.എസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല’ എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.
ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.
ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.
പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്.
Post Your Comments