ബംഗളൂരു: പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കര്‍ണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. രാത്രിയാത്ര അനുവദിച്ചാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
പാത പൂര്‍ണ്ണമായി അടച്ചിട്ടില്ല. അത്യാവശ്യവാഹനങ്ങള്‍ ഇപ്പോഴും രാത്രിയില്‍ അതിലൂടെ കടന്നു പോകുന്നുണ്ടെന്നും അദേഹം പറഞ്ഞു. രാത്രിയാത്ര അനുവദിച്ചപ്പോള്‍ ആയിരക്കണക്കിന് മൃഗങ്ങളാണ് വാഹനമിടിച്ച് മരിച്ചത്. ഉന്നത സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉന്നത സമിതി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങള്‍ക്ക് കാരണം എന്നും കര്‍ണ്ണാടകം പറയുന്നു. രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ഇന്ന് ഉപവസിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൊണ്ഗ്രെസ്സ് ഭരിച്ചപ്പോൾ എന്തുകൊണ്ട് ഈ വിഷയം പരിഗണിച്ചില്ലെന്നു ബിജെപി തിരിച്ചു ചോദിക്കുന്നുണ്ട്.
രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്കും അറിവുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്നും നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് പിന്തുണനല്കിക്കൊണ്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനെ പരാമര്‍ശിച്ചുകൊണ്ട് യെദിയൂരപ്പ പറഞ്ഞു. പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്ന ഒന്നിനും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം രാത്രിയാത്ര നിരോധനത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു.
നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. 2009 ജൂലൈ 29നാണ് ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്. നിരോധനം നീക്കാന്‍ പലവിധ പ്രക്ഷോഭങ്ങള്‍ പിന്നീടങ്ങോട്ട് നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി നല്കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Post Your Comments