InternationalKauthuka Kazhchakal

ടിവി ഷോയ്ക്കിടെ അവതാരകന് കിടിലന്‍ പണികൊടുത്ത് പെരുമ്പാമ്പ് ; വീഡിയോ വൈറല്‍

സിഡിനി: തങ്ങള്‍ ചെയ്യുന്ന ഷോ മികച്ചതാക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് അവതാരകര്‍. ടിവി ഷോയ്ക്കിടെ ഇത്തരത്തില്‍ അവതാരകര്‍ക്ക് പരിക്കേല്‍ക്കുന്നതും അപകടത്തിലാകുന്നതുമെല്ലാം പലപ്പോഴും നാം കണ്ടിട്ടുമുണ്ട്. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ തന്നെയായിരിക്കും പലപ്പോഴും ഇത്തരം ഷോകളുമായി നമുക്ക് മുന്നിലെത്തുന്നതും. അത്തരമൊരു ഷോയ്ക്കിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹിസ്റ്ററി ചാനലിലെ ‘കിംഗ്സ് ഓഫ് പെയിന്‍’ എന്ന ഷോയ്ക്ക് വേണ്ടിയായിരുന്നു ഓസ്ട്രേലിയക്കാരനായ ആദം തോണും സംഘവും ഇന്തോനേഷ്യയിലെത്തിയത്. എന്നാല്‍ അവിടെ ആദമിന് നേരിടേണ്ടി വന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില ദുരനുഭവങ്ങളായിരുന്നു.

ആറടി നീളമുള്ള കൂറ്റനൊരു പെരുമ്പാമ്പിനെ വച്ച് ഷോ ചെയ്യാനായിരുന്നു സംഘത്തിന്റെ തീരുമാനം. ഈ പെരുമ്പാമ്പ് അത്ര നിസാരക്കാരനല്ലെന്നും അപകടകാരിയാണെന്നും ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ അവതാരകന്‍ വിശദീകരിക്കുന്നുണ്ട്. ഇതിന്റെ ആക്രമണത്തില്‍ ഒരുപക്ഷേ മരണം വരെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് ഒരു സഞ്ചിയില്‍ നിന്ന് വലിയൊരു മേശയുടെ മുകളിലേക്ക് പാമ്പിനെ തുറന്നു വിടുന്നത്. മുഖത്ത് കടിയേല്‍ക്കാതിരിക്കുന്നതിനായി ആദം വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. ചുറ്റും സഹായത്തിനായി സംഘവും ഉണ്ടായിരുന്നു. മേശപ്പുറത്തിരിക്കുന്ന പാമ്പിനടുത്തേക്ക് ആദം തന്റെ ഇടതുകൈ നീട്ടിച്ചെന്നു. എത്തരത്തിലായിരിക്കും പാമ്പിന്റെ പ്രതികരണമെന്ന് പരീക്ഷിക്കലായിരുന്നു ലക്ഷ്യം. പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായി പാമ്പ് ആദത്തിന്റെ കൈയില്‍ കടിച്ചു പിടിച്ചു. പാമ്പിന്റെ ഒരു കടിയെങ്കിലും ഇവര്‍ ഉറപ്പിച്ചിരുന്നു എന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ഇത്രമാത്രം ഭീകരമായൊരു ആക്രമണം ആരും പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരുടേയും പ്രതികരണത്തില്‍ നിന്ന് മനസിലാക്കാനാവുക.

വായ പിളര്‍ത്തിവച്ച് പാമ്പ് ആദമിന്റെ കയ്യില്‍ കടിച്ചുതൂങ്ങി. വേദന കൊണ്ട് അവതാരകന്‍ നിലവിളിച്ചു. ആ സമയത്ത് സഹ അവതാരകനാണ് പാമ്പിനെ ആദമിന്റെ കയ്യില്‍ നിന്ന് വിടുവിച്ചത്. ഉടന്‍ തന്നെ മുറിവില്‍ നിന്ന് ചോര ചീറ്റുന്നതും കാണാമായിരുന്നു. ഏതായാലും സാഹസികമായ ഷോയ്ക്ക് ശേഷം അവതാരകന് കയ്യില്‍ നിരവധി തുന്നലുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വലിയ രീതിയിലുള്ള പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button