KeralaLatest NewsNews

വാലി ഇറിഗേഷന്‍ പദ്ധതി പുനരാരംഭിക്കുന്നു; അട്ടപ്പാടിയിലെ ജലക്ഷാമത്തിന് പരിഹാരം

പാലക്കാട്: അട്ടപ്പാടിയിലെ കടുത്ത ജലക്ഷാമത്തിന് പരിഹാരമായി വാലി ഇറിഗേഷന്‍ പദ്ധതിക്ക് പുനരാരംഭിക്കുന്നു. പദ്ധതിയുടെ വിശദമായ കരട് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ജല മന്ത്രിക്ക് സമര്‍പ്പിച്ചു. 458 കോടി രൂപയുടെ ചിലവാണ് കണക്കാക്കുന്നത്. ശിരുവാണി പുഴയ്ക്ക് കുറുകെ അണകെട്ടി കിഴക്കന്‍ അട്ടപ്പാടിയിലേക്ക് വെളളമെത്തിക്കുന്നതാണ് പദ്ധതി.

അട്ടപ്പാടിയുടെ ജലക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാലി ഇറിഗേഷന്‍ പദ്ധതിക്ക് 40 വര്‍ഷത്തെ പഴക്കമുണ്ട്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 1974ല്‍ തുടക്കമിട്ടെങ്കിലും ആവര്‍ഷം തന്നെ പദ്ധതി നിലച്ചിരുന്നു. ഭവാനിപ്പുഴയില്‍ നിന്ന് വെളളം നല്‍കുന്നതിലുളള തര്‍ക്കത്തിന് പരിഹാരമായതോടെയാണ് പദ്ധതിയുടെ പുതിയ രേഖ തയ്യാറായിരിക്കുന്നത്. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണിക്ക് കുറുകെ അഗളി – ഷോളയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചിറ്റൂരിലാണ് അണക്കെട്ട് പണിയുക. 2.87 ടിഎംസി സംഭരണശേഷിയാണ് അണക്കെട്ടിനുള്ളത്.

വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിക്കും. വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ അട്ടപ്പാടി ഉള്‍പ്പടെ 4255 ഹെക്ടര്‍ പ്രദേശത്തെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലം ഇതോടെ ലഭ്യമാകും. ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുക. കേന്ദ്ര ജലവിഭവ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍നിന്നും അനുമതി ഉടന്‍ കിട്ടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button