
ഹോങ്കോങ്: ഹോങ്കോങ്ങിൽ പൊലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ അടക്കം ആയിരങ്ങൾ പ്രകടനം നടത്തുകയാണ്. ചൈനയ്‌ക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. പൊലീസ് വെടിവയ്പിൽ നെഞ്ചിൽ വെടിയേറ്റ ഹൈസ്കൂൾ വിദ്യാർഥിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രക്ഷോഭം ഉണ്ടായത്.
പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രതിഷേധക്കാർക്കു നേരെ പ്രയോഗിച്ചു. നൂറോളം പേരെ അറസ്റ്റ് ചെയ്തു. നെഞ്ചിൽ വെടിയേറ്റു ഗുരുതരാവസ്ഥയിലായ സാങ് ചി–കിന്നിന്റെ (18) നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ 70–ാം വാർഷികാഘോഷത്തിനു സമാന്തരമായി ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ സംഘടിപ്പിച്ച കരിദിനാചരണത്തിനിടെയാണു വിദ്യാർഥിക്കു വെടിയേറ്റത്.
നാലു മാസം പിന്നിടുന്ന പ്രക്ഷോഭത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിവസമായിരുന്നു ചൊവ്വാഴ്ച. ഏറ്റുമുട്ടലിൽ 25 പൊലീസ് ഓഫിസർമാർക്കു പരുക്കേറ്റു. പ്രക്ഷോഭകരായ 70 പേർക്കും പരുക്കുണ്ട്.160 പേർ അറസ്റ്റിലായി. പൊലീസിനെ ആക്രമിച്ചപ്പോൾ സ്വയരക്ഷയ്ക്ക് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.
Post Your Comments