Latest NewsNewsIndia

ഭാരം കുറഞ്ഞു, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ ജയിലില്‍ വേണം; ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി

 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്. കസ്റ്റഡിയിലിരിക്കെ ഭാരം കുറഞ്ഞെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നമുണ്ടെന്ന് ചൂണ്ടികാട്ടുന്ന ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

കസ്റ്റഡി കാലാവധിയില്‍ 4 കിലോയോളം ഭാരം കുറഞ്ഞെന്നാണ് ചിദംബരം പറയുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കില്‍ വീട്ടിലെ ആഹാരം ലഭിക്കാനുള്ള അവസരം കൂടിയാണ് ചിദംബരം ഹര്‍ജിയിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ന് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കാനിരിക്കെയാണ് ജാമ്യ ഹര്‍ജി. ചിദംബരത്തിന് സെല്ലില്‍ കസേരയോ തലയിണയോ നല്‍കിയിട്ടില്ലെന്നും ഇത് ചിദംബരത്തിന്റെ പുറംവേദന കൂട്ടുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 5 മുതല്‍ തീഹാര്‍ ജയിലിലാണ് ചിദംബരം. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button