ബെംഗളൂരു: ശബരിമലയുടെ പവിത്രത തകര്‍ക്കുന്ന വിധത്തില്‍ യുവതീപ്രവേശനം അനുവദിച്ചതിനെതിരെ കന്നഡ സാഹിത്യകാരന്‍ ഡോ. എസ്.എല്‍. ഭൈരപ്പ. സ്ത്രീപുരുഷസമത്വത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയി. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസത്തിന്റെ പ്രശ്‌നമാണ്. വിശ്വാസത്തിലല്ല, മറ്റു മേഖലകളിലാണ് സമത്വമുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.എഴുത്തുകാരെന്നാല്‍ നിരീശ്വരവാദികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ താന്‍ പൂര്‍ണമായും ദൈവവിശ്വാസിയാണെന്നും ഭൈരപ്പ പറഞ്ഞു.
മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ നിശ്ചിതപ്രായത്തിനുമുകളിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നു പ്രവേശനം. ഇത് പ്രകൃത്യാലുള്ള കാരണങ്ങള്‍കൊണ്ടാണ്. എന്നാല്‍ ചിലര്‍ ഇതിനെതിരേ സുപ്രീംകോടതിയില്‍ പോയി. ജനങ്ങള്‍ എതിര്‍ത്തിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പിന്തുണയോടെ ചില യുവതികള്‍ ക്ഷേത്രത്തിലെത്തുകയും ചെയ്തു. എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നും ഭൈരപ്പ ചോദിച്ചു.
ഭാരതീയസംസ്‌കാരത്തില്‍ കുടുംബത്തിലെ പ്രധാനസ്ഥാനം സ്ത്രീകള്‍ക്കാണ്. രാക്ഷസരാജാവായ മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരിയുടെ ഉത്സവം സൂചിപ്പിക്കുന്നത് സ്ത്രീകളുടെ വിജയമാണ്. നിലവില്‍ തുല്യമായ അവകാശങ്ങളാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ളത്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നേടി സാമ്പത്തിക സ്വയംപര്യാപ്തതയിലെത്തുന്നത് ഇതിന്റെ തെളിവാണെന്ന് ഭൈരപ്പ പറഞ്ഞു.
Post Your Comments