ഷൊര്‍ണൂര്‍ : നഷ്ടത്തിലേയ്ക്കും തീരാകടത്തിലേയ്ക്കും കൂപ്പുകുത്തിയ മെറ്റല്‍ ഇന്‍ഡ,്ട്രീസ് നില്‍നില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐഎസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ഡിജിപി ജേക്കബ് തോമസിനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് തലവനായി നിയമിച്ച സമയത്ത് ആ സ്ഥാപനം നിലനില്‍പിനായി മറ്റൊരു കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ 1928ല്‍ ആരംഭിച്ച മെറ്റല്‍ ഇന്‍ഡസ്ട്രീസ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് ഇന്നലെ ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി കരാര്‍ ഒപ്പുവച്ചു. മണ്‍വെട്ടിയും കൈക്കോട്ടും കത്രികയുമൊക്കെ നിര്‍മിക്കുന്ന സ്ഥാപനം സ്വകാര്യ മേഖലയിലാണ് ആരംഭിച്ചത്.
1981ല്‍ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കുറവു ശമ്പളം നല്‍കുന്ന ഇവിടെ നിലവില്‍ 42 ജീവനക്കാരുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നല്‍കിയതാണ്. അതാകട്ടെ ഇവിടെ നിര്‍മിച്ചതല്ല, സ്വകാര്യ സ്ഥാപനത്തില്‍ നിന്നു വാങ്ങി നല്‍കുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി.
മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍, എംഡി സ്ഥാനത്തെത്തുന്ന ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്. ഇതിനു മുന്‍പു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗില്‍ നിന്നു മരയ്ക്കാര്‍ മാരായമംഗലം ചെയര്‍മാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവര്‍ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുന്‍ എംപി എസ്.ശിവരാമനും കോണ്‍ഗ്രസ് എസിലെ മുന്‍ എംഎല്‍എ വി.കെ ബാബുവും ചെയര്‍മാന്‍മാരായി. സിഡ്‌കോ എംഡിയായിരിക്കെ വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട സജി ബഷീര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു.
Post Your Comments