തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന് വിനോദസഞ്ചാര പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് കൈമാറിയത്. മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി.എ. കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്.ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലെയും ബേസിക് ടാക്സ് രജിസ്റ്ററിലെയും രേഖകള്‍ പ്രകാരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൈദ്യുതി ബോര്‍ഡ് പാട്ടത്തിനു നല്‍കിയതില്‍ അപാകതയുണ്ടെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണു വ്യവസ്ഥ. ഇതു നിലനില്‍ക്കെയാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തിനായി 15 വര്‍ഷത്തേക്ക് ഭൂമി വിട്ടുനല്‍കിയത്.2018 മേയ് ഒമ്പതിന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗമാണ് വൈദ്യുതി ബോര്‍ഡിന്റെ പക്കലുള്ള ഭൂമിയില്‍ സാമ്പത്തിക ശേഷിയുള്ള സഹകരണ സംഘങ്ങളുടെയോ ബാങ്കുകളുടെയോ സഹായത്തോടെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം വൈദ്യുതിബോര്‍ഡിന്റെ കൈവശം 76 ഏക്കര്‍ സ്ഥലമുണ്ടെന്നും അതില്‍ ഉള്‍പ്പെട്ട 21 ഏക്കറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാനാവുമെന്നും ഹൈഡല്‍ ടൂറിസം സെന്റര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ് അഞ്ചുമുതല്‍ പത്തുവരെ കോടിരൂപ ചെലവ് വരുന്ന പദ്ധതിക്കായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്.ടെന്‍ഡറില്‍ പങ്കെടുത്ത മൂന്നു സഹകരണ സംഘങ്ങളില്‍നിന്നാണ് രാജാക്കാട് സഹകരണസംഘത്തെ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
20 ശതമാനം വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആവശ്യപ്രകാരം വൈദ്യുതി ബോര്‍ഡ് ഭൂമി അവര്‍ക്കു കൈമാറുകയായിരുന്നു. ഫെബ്രുവരി ആറിന് മന്ത്രി എം.എം. മണി വിളിച്ച ഹൈഡല്‍ ടൂറിസം സെന്ററിന്റെ യോഗത്തില്‍ പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കി. ഫെബ്രുവരി 28-നു ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം ഇതംഗീകരിച്ചു. ഇതനുസരിച്ച് സെപ്റ്റംബര്‍ ഏഴിന് പദ്ധതിക്കു തറക്കല്ലിട്ടു. ബാങ്ക് നല്‍കുന്ന 20 ശതമാനം വരുമാനത്തിലെ 15 ശതമാനം വൈദ്യുതി ബോര്‍ഡിനും അഞ്ചു ശതമാനം ഹൈഡല്‍ ടൂറിസം സെന്ററിനുമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.ഭൂമി വൈദ്യുതി ബോര്‍ഡിന്റേതെന്ന് ഹൈഡല്‍ ടൂറിസം സെന്റര്‍
ഇടുക്കിയില്‍ പൊന്മുടി അണക്കെട്ടിനു സമീപം സഹകരണസംഘത്തിനു പാട്ടത്തിനു നല്‍കിയ 21 ഏക്കര്‍ വൈദ്യുതി ബോര്‍ഡിന്റെ വകയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍. ഇതനുസരിച്ചാണ് ഈ ഭൂമി പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. ഭൂമി ബോര്‍ഡിന്റെതാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന
Post Your Comments