
ചെങ്ങന്നൂര്‍: ഒരു വയസ്സുകാരന്‍ ഇഷാനെ കാണാതായിട്ട് മുന്നുദിവസമായി, ഒരു വിവരവുമില്ല. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവന്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായതിന്റെ ദുഃഖം സഹിക്കവയ്യാതെ എഴുപത്തിയൊന്നുകാരി രത്നമ്മയ്ക്ക് ശാരീരിക അവശതകള്‍ കലശലായി കിടപ്പിലായി.പഗ് ഇനത്തില്‍പ്പെട്ട നായക്കുട്ടിയായ ഇഷാനെ മനുഷ്യക്കുട്ടിയെ പോലെ ലാളിച്ചാണ് രത്നമ്മയും മകളും അധ്യാപികയുമായ അഞ്ജുവും വളര്‍ത്തിയിരുന്നത്. പത്രപരസ്യം നല്‍കി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു, വിവരമൊന്നുമില്ല.
പുറത്ത് പോകുമ്പോള്‍ ഉടുപ്പിടീച്ച് അവനെയും കൊണ്ടേ പോകാറുണ്ടായിരുന്നുള്ളൂ.മുറ്റത്ത് നിര്‍ത്തി കുളിമുറിയില്‍ പോയി വന്നപ്പോഴേക്കുമാണ് നായക്കുട്ടി അപ്രത്യക്ഷനായത്. ആരും കൊണ്ടു പോവാതെ തനിയെ പുറത്തുപോവില്ല അവന്‍. അഥവാ ഗേറ്റിന് വെളിയില്‍ ഇറങ്ങിയാലും പെട്ടെന്ന് ചാടി അകത്തു കയറുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. കിടപ്പിലായ രത്നമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഇഷാന്റെ സാന്നിധ്യം കൂടിയേ കഴിയൂ എന്ന് അഞ്ജു പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് 12,500 രൂപയ്ക്ക് കോട്ടയത്തുനിന്നാണ് ഇഷാനെ വാങ്ങിയത്. തുടര്‍ന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നെന്ന് അഞ്ജു പറഞ്ഞു. അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ അവന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് തൊട്ടുരുമ്മിയിരിക്കും. എവിടെ പോയാലും കൂട്ടായി കൂടും.നവമാധ്യമങ്ങളില്‍ അടക്കം വിവരം നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവര്‍.
Post Your Comments