കൊണ്ടോട്ടി: കട ഉദ്ഘാടനത്തിന് ചിലര്‍ സൗജന്യമായി എന്തെങ്കിലും നല്‍കും. അത് ഉദ്ഘാടനത്തിന് ആളുകളെത്താനാണ്. അത്തരത്തില്‍ ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി ഷവര്‍മ നല്‍കുന്നുവെന്ന വിവരം അറിയിക്കുകയായിരുന്നു കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ഉടമ. എന്നാല്‍ ഉടമയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ജനമെത്തിയത്. ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് ഷവര്‍മക്കച്ചവടം ആരംഭിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യമായി ഷവര്‍മ നല്‍കുമെന്ന വിവരം ഉടമ അറിയിച്ചതോടെ കേട്ടവരെല്ലാം പ്രചരിപ്പിക്കുകയായിരുന്നു. വൈകിട്ട് 5 മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മ വിതരണം രാത്രി 11ന് ആയിട്ടും അവസാനിച്ചില്ല. ഒടുവില്‍ ഷവര്‍മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കുകയായിരുന്നു. രണ്ട് കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവര്‍മയ്ക്ക് ക്യൂ നിന്നത്.
എല്ലാവര്‍ക്കും ഷവര്‍മ നല്‍കി. എന്നാല്‍, ഷവര്‍മ തയാറാക്കാന്‍ സമയമെടുത്തതോടെ പലപ്പോഴും തിരക്കായി. അതോടെ ഉടമ ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന് അറിയിച്ചു. ഇതു കേട്ടവര്‍ മേശപ്പുറത്തു വച്ച മിഠായിയും അലമാരയിലെ നെയ്യപ്പവും മാത്രമല്ല, അടുക്കളയിലെ ചെമ്പു തുറന്ന് നെയ്‌ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീന്‍കറിയുമെല്ലാം തീര്‍ത്തു. സംഭവം കൈയില്‍ നിന്നു പോയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നാണ് ഉടമ പറയുന്നത്.
Post Your Comments