KeralaLatest NewsNews

ഉപയോഗ ശൂന്യമായ മരുന്നുകള്‍ക്ക് വിട: 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു

രാജ്യത്തെ ആദ്യ സംരഭം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു

തിരുവനന്തപുരം: ഉപയോഗിച്ചു കഴിഞ്ഞ് ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ യാതൊരു നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ ഇല്ലാത്തതിന് പരിഹാരമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഔഷധ വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എയും സംയുക്തമായി ‘പ്രൗഡ്’ (Proud: Programme for Removal of Unused Drugs) എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ ഉപയോഗിച്ച് കഴിഞ്ഞതും ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടി കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഈ വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ വിവിധ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇതിനായി പ്രത്യേകം മെഡിസിന്‍ ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. ഇവ മുഖാന്തിരം ശേഖരിച്ച ഉപയോഗ ശൂന്യമായ മരുന്നുകള്‍ മംഗലാപുരത്തുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിസ്ഥിതി വകുപ്പിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന റാംകീ എനര്‍ജി ആന്റ് എന്‍വയര്‍മെന്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് വഴിയാണ് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്.

ഇത്തരത്തില്‍ ശേഖരിച്ച 5 ടണ്ണോളം വരുന്ന ഉപയോഗ ശൂന്യമായ മരുന്നുകള്‍ നിറച്ച ആദ്യത്തെ വാഹനം കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നിന്നും മംഗലാപുരത്തേയ്ക്ക് പുറപ്പെട്ടു. ഇതിന്റെ ഫ്‌ളാഗോഫ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, എ.കെ.സി.ഡി.എ. പ്രസിഡന്റ് എ.എന്‍. മോഹനന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജയനാരായണന്‍ തമ്പി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button