ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ ഒരു വിദ്യാര്‍ത്ഥിയെ കൂടി തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയ സേലം സ്വദേശി ഇര്‍ഫാനാണ് അറസ്റ്റിലായത്. ഇതോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ മിക്കവരും പുതുച്ചേരിയില്‍ അംഗീകാരമില്ലാത്ത കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്..
ഇര്‍ഫാന്റെ പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുംബൈയിലെ മുഖ്യസൂത്രധാരനുമായി മുഹമ്മദ് ഷാഫി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വെല്ലൂര്‍, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ക്ലിനിക്കുകള്‍ നടത്തിയിരുന്നെങ്കിലും ഐഎംഎ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇയാള്‍ വ്യാജ ഡോക്ടര്‍ ആണോ എന്നും അന്വേഷണം സംഘം പരിശോധിക്കുകയാണ്.ശനിയാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി രാഹുല്‍ പിതാവ് ഡേവിസ് എന്നിവരെ പന്ത്രണ്ട് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അതേസമയം, തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍മാര്‍ മലയാളികളാണ്. ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും പുതുച്ചേരിയിലെ സ്വകാര്യ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. കോളേജിന്റെ അഫിലിയേഷന്‍ നഷ്ടപ്പെട്ടതോടെയാണ് ഇവര്‍ പുതുച്ചേരിയിലെ പഠനം ഉപേക്ഷിച്ചത്. തമിഴ്‌നാട്ടിലെ നീറ്റ് പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മോക്ക് ടെസ്റ്റുകളിലെ മാര്‍ക്കുകള്‍ പരിശോധിക്കുകയാണ്. ലക്‌നൗ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വന്‍ശൃംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ തേടിയിരിക്കുകയാണ് സിബിസിഐഡി ഉദ്യോഗസ്ഥര്‍.
Post Your Comments